തൽസമയം പരാതി നൽകാൻ കോൾ സെൻ്റർ, ടർഫുകൾക്ക് പാർക്കിങ് ഇളവ്: തദ്ദേശ സ്വയംഭരണ വകുപ്പിലെ പരിഷ്കരണങ്ങൾ

ഓരോ അപേക്ഷയും നൽകുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓൺലൈനിലും ഓഫ് ലൈനിലും ഈ സൗകര്യം ഉറപ്പാക്കും
തൽസമയം പരാതി നൽകാൻ കോൾ സെൻ്റർ, ടർഫുകൾക്ക് പാർക്കിങ് ഇളവ്: തദ്ദേശ സ്വയംഭരണ വകുപ്പിലെ പരിഷ്കരണങ്ങൾ
Published on
Updated on

സമയബന്ധിതമായി സേവനം ഉറപ്പാക്കുന്നതിനും, അഴിമതി തടയാനും വേണ്ടി തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ചില പരിഷ്കരണങ്ങൾ നടപ്പിലാക്കിയതായി മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തത്സമയം പരാതി നൽകുന്നതിനും പ്രശ്ന പരിഹാരത്തിനുമായി കോൾ സെൻ്റർ ഏർപ്പെടുത്തും. ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

"ജനങ്ങൾക്ക് തൽസമയം പരാതി നൽകാൻ വേണ്ടിയാണ് കോൾ സെൻ്റർ ഏർപ്പെടുത്തുന്നത്. ഓൺലൈൻ അപേക്ഷ കൊടുത്താലും അപേക്ഷകരെ വിളിച്ചു വരുത്തുന്ന പ്രവണത ചിലയിടങ്ങളിൽ ഉണ്ട്. അങ്ങനെ ചെയ്താൽ ശക്തമായ നടപടി ജീവനക്കാർക്ക് എതിരെ സ്വീകരിക്കും. ഓൺലൈൻ സേവനങ്ങൾ ഓൺലൈനിൽ തന്നെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഓരോ അപേക്ഷയും നൽകുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓൺലൈനിലും ഓഫ് ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. സേവനാവകാശ നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും.

പൊതുജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ  നിലവിലുള്ള 66 ഇൻ്റേണൽ വിജിലൻസ് ഓഫീസർമാർക്ക് ഗ്രാമ പഞ്ചായത്ത് ചുമതല വീതിച്ച് നൽകും. ടർഫുകൾക്ക് പാർക്കിങിന് ഇളവ് നൽകും. കെട്ടിട നിർമാണ പെർമിറ്റിൻ്റെ കാലാവധി ആവശ്യമെങ്കിൽ 15 വർഷമാക്കും. സേവന ലൈസൻസ് ഫീസ് കണക്കാക്കുന്ന സ്ലാബുകൾ പരിഷ്കരിക്കും.

വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ നിയമ ലംഘനം ഇല്ലാത്ത കേസുകളിൽ പിഴയ്ക്ക് ഇളവ് വരും.വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട വ്യാപര സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും.ഹരിത കർമ്മ സേന പ്ലാസ്റ്റിക്കുകൾ ശേഖരിക്കും എന്ന് ഉറപ്പാക്കും. ഹരിത കർമസേന കലണ്ടർ പ്രകാരം ശേഖരിക്കുന്ന ഖരമാലിന്യത്തിനു പുറമേ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വീകരിക്കുന്ന മാലിന്യങ്ങൾക്ക് പ്രത്യേക തുക ഈടാക്കും.വകുപ്പിലെ എഞ്ചിനീയർമാരുടെ ക്ഷാമം ഇല്ലാതാക്കും".- എംബി രാജേഷ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com