

ഹൗസ്റ്റൺ: 2026 ഫിഫ ലോകകപ്പിൻ്റെ ആദ്യ റൗണ്ടിൽ മരണഗ്രൂപ്പായ ഗ്രൂപ്പ് എച്ചിലെ നിർണായക പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ നോക്കൗട്ട് ഉറപ്പിച്ച് സ്പെയിനും കാബോ വെർഡെയും. സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ് വെർഡെ റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത ഉറപ്പിച്ചത്.
ആദ്യ ലോകകപ്പ് കളിക്കുന്ന കാബോ വെർഡെ സ്പെയിനും യുറുഗ്വെയും പോലുള്ള വമ്പൻ ടീമുകൾക്കിടയിൽ നിന്ന് മൂന്ന് സമനിലകൾ നേടി തോൽവി അറിയാതെയാണ് രണ്ടാം റൗണ്ടിലേക്ക് വരുന്നത്. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ രാജ്യത്തിന് ഇത് ചരിത്രനിമിഷമാണ്.
വാശിയേറിയ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ യുറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. 42ാം മിനിറ്റിൽ അലക്സ് ബയേനയാണ് സ്പെയിനിൻ്റെ വിജയഗോൾ നേടിയത്.
രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിൻ്റോടെയാണ് സ്പെയിൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. ആദ്യ മാച്ചിൽ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ രണ്ടാം മത്സരത്തിൽ സൗദി അറേബ്യെ 4-0ന് തകർത്തിരുന്നു.
അതേസമയം, സാക്ഷാൽ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ കുരുക്കി ലോകകപ്പ് ടൂർണമെൻ്റിന് സ്വപ്നസമാനമായ തുടക്കമിട്ട കേപ് വെർഡെ, രണ്ടാം മത്സരത്തിൽ യുറുഗ്വെയെ 2-2ന് സമനിലയിൽ തളച്ചു. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ മൂന്ന് പോയിൻ്റുമായാണ് അവർ ഗ്രൂപ്പിൽ രണ്ടാമതെത്തിയത്.
നേരത്തെ സൗദിയോട് 1-1നും കേപ് വെർഡെയോട് 2-2നും സമനില പിടിച്ചിരുന്ന യുറുഗ്വെക്ക് രണ്ടാം റൗണ്ടിലെത്താൻ ഇന്ന് ജയം അനിവാര്യമായിരുന്നു. എന്നാൽ സ്പെയിനിനോട് 1-0ന് തോറ്റതോടെ, വെറും രണ്ട് പോയിൻ്റ് മാത്രം സമ്പാദ്യമുള്ള യുറുഗ്വെ ടൂർണമെൻ്റിൽ നിന്ന് പുറത്തായി. സമാനയി രണ്ട് സമനിലകളുടെ സഹായത്തോടെ രണ്ട് പോയിൻ്റ് മാത്രം നേടിയ സൗദിയും ലോകകപ്പിൽ നിന്ന് പുറത്തായി.