
ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ ഇന്നു നടന്ന മത്സരത്തില്‍ സ്‌പെയിനെ 2-1ന് കീഴടക്കിയാണ് ഇന്ത്യ മെഡല്‍ സ്വന്തമാക്കിയത്. നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇരട്ട ഗോളുകളുമായി വിജയശിൽപ്പിയായത്. കഴിഞ്ഞ തവണ ടോക്യോയില്‍ നടന്ന ഒളിംപിക്സിലും ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ച് വെങ്കലമണിഞ്ഞിരുന്നു.
പി.ആർ. ശ്രീജേഷിൻ്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. മെഡലുറപ്പിച്ച് ഇന്ത്യൻ ജഴ്സിയൂരാനും മലയാളി താരത്തിന് കഴിഞ്ഞു. ആദ്യ ക്വാർട്ടറിൽ ഗോൾ നേടി മുന്നിലെത്തിയത് സ്പെയിനായിരുന്നു. എന്നാൽ ഇന്ത്യൻ നായകനിലൂടെ ഇരട്ട ഗോളുകളുമായി ഇന്ത്യ തിരിച്ചടിച്ചു. കളിയുടെ അവസാന ക്വാർട്ടറിൽ ഗോൾവഴങ്ങാതെ പിടിച്ചുനിൽക്കാനും ഇന്ത്യയെ ജയത്തിലെത്തിക്കാനും ഇന്ത്യൻ പ്രതിരോധ നിരയ്ക്കും, പരിചയസമ്പന്നനായ ഗോൾകീപ്പർ ശ്രീജേഷിനും കഴിഞ്ഞതോടെ ടീം മെഡലുറപ്പിക്കുകയായിരുന്നു.
ജയത്തിൽ ശ്രീജേഷിൻ്റെ കുടുംബാംഗങ്ങൾ ആഹ്ളാദം പ്രകടിപ്പിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ടിവിയുടെ മുന്നിൽ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് കുടുംബം രാജ്യത്തിൻ്റെ ജയം ആഘോഷിച്ചത്. മെഡൽ നേട്ടത്തോടെ 18 വർഷം നീണ്ട കരിയറിനാണ് ശ്രീജേഷ് അവസാനമിടുന്നത്.