
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പ്രാര്‍ഥന യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ യുപി പൊലീസ് കേസെടുത്തു. സ്വയം പ്രഖ്യാപിത ഗുരു ഭോലെ ബാബയുടെ അനുയായികള്‍, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരിപാടി നടത്തിപ്പിനുള്ള അനുമതി തേടിയപ്പോള്‍, പങ്കെടുത്തേക്കാവുന്നവരുടെ യഥാര്‍ത്ഥ കണക്ക് സംഘാടകര്‍ മറച്ചുവെച്ചുവെന്നും, ഗതാഗത നിയന്ത്രണത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ആരോപണവിധേയനായി പോലും പരാമര്‍ശിച്ചിട്ടില്ല.
80,000 പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ രണ്ടര ലക്ഷത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സംഘാടനത്തില്‍ വലിയ പാളിച്ചയുണ്ടായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടത്തിൻ്റെയും സംഘാടകരുടെയും പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, അപകടത്തിനു പിന്നാലെ, ഭോലെയെ കാണാനില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതുവരെ 121 പേരാണ് മരിച്ചത്. നിരധിപ്പേര്‍ക്ക് പരുക്കുണ്ട്. മരിച്ചവരിലേറെയും സ്ത്രീകളാണ്. മരണസംഘ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ പറയുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം അപകടത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്.