

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിരുന്നു.
നാളെ കൂടി തുടരുന്ന മഴ മറ്റന്നാൾ മുതൽ ശമിക്കുമെന്നാണ് കണക്കുകൂട്ടൽ. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ,കൊല്ലം ജില്ലകളിലാണ് കള്ളക്കടലാക്രമണത്തിന് സാധ്യത.
തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും കള്ളക്കടലാക്രമണത്തിന് സാധ്യതയെന്നാണ് പ്രവചനം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ജില്ലാ ഭരണക്കൂടം അറിയിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലെ വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും അറിയിപ്പിലുണ്ട്.