EXCLUSIVE | കിഫ്‌ബി ഫണ്ടില്ല; പഠനം വഴിമുട്ടി ചാവക്കാട്ടെ സർക്കാർ സ്കൂൾ വിദ്യാർഥികൾ

വൃത്തിഹീനമായ പാചകപ്പുര, കുടിവെള്ള ദൗർലഭ്യം, ഡൈനിംഗ് സംവിധാനത്തിന്റെ അഭാവം, ശുചിമുറികളുടെ കുറവ് തുടങ്ങി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്
EXCLUSIVE | കിഫ്‌ബി ഫണ്ടില്ല; പഠനം വഴിമുട്ടി ചാവക്കാട്ടെ സർക്കാർ സ്കൂൾ വിദ്യാർഥികൾ
Published on
Updated on

കിഫ്ബി ഫണ്ട് ലഭിക്കാത്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മണത്തല ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ. ആവശ്യത്തിന് ക്ലാസ് മുറികളും അധ്യാപകരും ഇല്ലാത്തതാണ് ഈ സർക്കാർ വിദ്യാലയം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ചാവക്കാടിന്റെ ചരിത്രത്തിലും വർത്തമാനത്തിലും നിർണായക സ്ഥാനമാണ് മണത്തല ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിന് ഉള്ളത്.

എൽപി വിഭാഗം മുതൽ ഹൈസ്കൂൾ വരെ 1090 വിദ്യാർഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ പക്ഷെ ആവശ്യത്തിന് ക്ലാസ് മുറികളില്ല. വൃത്തിഹീനമായ പാചകപ്പുര, കുടിവെള്ളദൗർലഭ്യം , ഡൈനിംഗ് സംവിധാനത്തിന്റെ അഭാവം, ശുചിമുറികളുടെ കുറവ് തുടങ്ങി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്.




2016ൽ ഗുരുവായൂർ എംഎൽഎ കെ. വി. അബ്ദുൾ ഖാദർ മുൻകൈയെടുത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് പുതിയ കെട്ടിടങ്ങൾ അനുവദിച്ചിരുന്നു. രണ്ട് അക്കാഡമിക് ബ്ലോക്കുകളും ടോയ്‌ലറ്റ് കോംപ്ലക്സും അടങ്ങുന്ന പദ്ധതിക്കായി 5 കോടി രൂപയും വകയിരുത്തി. പദ്ധതിക്കായി സ്കൂളിനുണ്ടായിരുന്ന അഞ്ച് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു കെട്ടിടം പൊളിച്ച് നീക്കി. നിർമാണം ആരംഭിച്ച കെട്ടിടമാകട്ടെ പാതിവഴിയിൽ നിലച്ചു. ഇതോടെയാണ് സ്കൂളിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്.



കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി കെട്ടിടം പൊളിച്ചെങ്കിലും, പുനർനിർമാണം പാതിവഴിയിൽ നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി. വിദ്യാർഥി- അധ്യാപക അനുപാതത്തിന് വിരുദ്ധമായി ശരാശരി 55 മുതൽ 90 കുട്ടികൾ വരെയാണ് ഓരോ ക്ലാസുകളിലും പഠിക്കുന്നത്. ഹൈസ്കൂകൾ വിഭാഗത്തിൽ മാത്രം 617ഉം യുപിയിൽ 307ഉം എൽപി വിഭാഗത്തിൽ 166 കുട്ടികളുമാണ് നിലവിലുള്ളത്. കിഫ്ബി ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തിയാകാത്തത്. കെട്ടിടമില്ലാത്തതിനാൽ നിരവധി ഡിവിഷനുകളാണ് നഷ്ടമായത്. ഭൗതിക സാഹചര്യങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ആശ്രയിക്കുന്ന സ്കൂളിൽ പ്രതിസന്ധിക്കിടയിലും ആയിരത്തിലധികം കുട്ടികളാണ് പഠിക്കുന്നത്.

അധ്യാപകരുടെ കുറവും സ്ഥല പരിമിതിയും കാരണം എൽപി വിഭാഗത്തിലെ ഇംഗ്ലീഷ്- മലയാളം ഡിവിഷനുകളെ ഒന്നിച്ചിരുത്തിയാണ് നിലവിൽ പഠിപ്പിക്കുന്നത്. 25ഡിവിഷനുകൾ മാത്രമുള്ള സ്കൂളിന് 2019 ൽ അഞ്ച് ഡിവിഷനുകൾ കൂടി അധികമായി അനുവദിച്ചെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ അധിക ബാച്ചുകൾ റദ്ദ് ചെയ്തു. ഇതോടെ അധ്യാപകരുടെ എണ്ണം വെട്ടിക്കുറച്ച് ഇവിടെ നിന്നും സ്ഥലം മാറ്റി. ഏഴോളം അധ്യാപകരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.


ആറ് വർഷം മുൻപ് തുടങ്ങിയ കിഫ്ബി പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ അക്കാഡമിക് ബ്ലോക്ക് മാത്രമാണ് ഇതുവരെ നിർമിച്ചത്. അതുവരെ ദുരിതം അനുഭവിച്ചിരുന്ന ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ഇതോടെ ആശ്വാസമായി. പാതിവഴിയിൽ നിർമാണം മുടങ്ങിയ കെട്ടിടം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സ്കൂൾ അധികൃതർ പരാതികൾ നൽകിയിരുന്നു. പരാതി ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങി മടുത്ത അധ്യാപകർ രക്ഷകർത്താക്കളും ഏറ്റവും ഒടുവിൽ നവകേരള സദസ് വേദിയിലും നിവേദനം നൽകി. എന്നാൽ പരാതികളിന്മേൽ തുടർ നടപടികൾ സ്വീകരിക്കാതെ ഉദ്യോഗസ്ഥരും സർക്കാരും അനാസ്ഥ തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com