
തകഴി കുന്നുമ്മയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും. ഇന്നലെയാണ് ചേർത്തല സ്വദേശിയായ യുവതിയുടെ കുഞ്ഞിൻ്റെ മൃതദേഹം സുഹൃത്തിൻ്റെ പുരയിടത്തിനോട് ചേർന്ന പാടശേഖരത്തിൻ്റെ ചിറയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് രക്തസ്രാവവുമായി യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് കുഞ്ഞിനെ മറവ് ചെയ്തത് അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ആഗസ്റ്റ് 6ാം തീയതി പുലർച്ചെയാണ് യുവതി സ്വന്തം വീട്ടിൽ കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് 7ാം തീയതി യുവതിയുടെ സുഹൃത്ത് മൃതദേഹം കുന്നുമ്മ കൊല്ലനോടി പാടശേഖരത്തെ ചിറയിൽ മറവ് ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളും പൊലീസ് കസ്റ്റഡിയിലാണ്.
കുഞ്ഞിൻ്റെ മരണം കൊലപാതകമാണോ എന്നതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മൂന്ന് പേരുടെയും മൊഴിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി പറയുന്നില്ല. പുലർച്ചെ പ്രസവം നടന്ന് ഏറെ നേരത്തിന് ശേഷമാണ് യുവതി കുഞ്ഞിനെ സുഹൃത്തിന് കൈമാറുന്നത്. കൊലപാതകം ആണെങ്കിൽ പോസ്റ്റുമോർട്ടത്തിൽ നിന്ന് കണ്ടെത്താം എന്നതാണ് പൊലീസ് കരുതുന്നത്.
എന്നാൽ മൃതദേഹത്തിൻ്റെ കാലപ്പഴക്കം തെളിവുകൾ നശിക്കാൻ കാരണമായോ എന്ന ആശങ്കയും നിലവിലുണ്ട്. സ്വാഭാവിക മരണമാണെങ്കിൽ പ്രസവവും കുഞ്ഞിൻ്റെ മരണവും എന്തിന് മറച്ചു വെച്ചു എന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഗർഭിണിയായതും കുഞ്ഞിന് ജന്മം നൽകിയതും കുടുംബത്തോട് മറച്ചു വെച്ചതായാണ് പൊലീസിനോട് യുവതി പറഞ്ഞത്. ഇതിൻ്റെ കാരണവും പൊലീസ് അന്വേഷിക്കുകയാണ്.
ആലപ്പുഴ തകഴിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും ഇന്നലെയാണ് പൊലീസിൻ്റെ പിടിയിലാകുന്നത്.എന്നാൽ കുഞ്ഞിൻ്റെ മരണം കൊലപാതകമാണോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.