
വലതുപക്ഷ ശക്തികൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ വലതുപക്ഷ ശക്തികൾ ഒന്നിക്കുന്നു. അതിനായി അവർ സർവ്വ സന്നാഹങ്ങളും ഒരുക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടു. എന്നാൽ അപ്പോഴും ചില അപശബ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ആരും മുഖവിലക്കെടുത്തില്ല. വയനാട്ടിൽ ലോകോത്തര നിലവാരമുള്ള പുനരധിവസം ഉറപ്പിക്കും. അതിനായി കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നേരത്തെയുള്ള അനുഭവം അതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കേന്ദ്ര ബജറ്റിൽ അർഹമായ ഓഹരി ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും ലഭിച്ചില്ല. ഭരണം നിലനിർത്തുന്നതിന് മറ്റു സംസ്ഥാനങ്ങൾക്ക് നീതി നിഷേധിക്കാമോ. രാജ്യത്തെ ഒരേ രീതിയിൽ കാണാൻ കേന്ദ്രത്തിന് സാധിക്കണം. കേരളത്തെ ഇത്ര കണ്ട് പക്ഷപാതപരമായി സമീപിച്ച ഒരു ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല," എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.