
ചൂരല്‍മല ദുരന്തത്തിൽ അനാഥമായ ഒരു മിണ്ടാപ്രാണിക്ക് സനാഥരായി നീലിക്കാപ്പിലെ കൃഷ്ണൻകുട്ടിയും സവിതയും. നാല് കിലോമീറ്റർ നടന്നാണ് ചൂരൽമലയിൽ നിന്നും ഒരു നായയെ ഈ കുടുംബം നാട്ടിലേക്കു കൊണ്ടുവന്നത്.
ഇരുട്ടിൻ്റെ മറവിൽ മലവെള്ളത്തിലോ മണ്ണിലമർന്നോ മറഞ്ഞുപോയതാണോ തൻ്റെ യജമാനനെന്ന് അവന് അറിയില്ല. ദുരന്തഭൂമിയിൽ ദിവസങ്ങളായി ആഹാരമില്ലാതെ അലഞ്ഞു നടന്ന നായയ്ക്ക് ഇനി നന്ദി കാണിക്കാൻ ആരുമില്ലല്ലോയെന്ന തോന്നൽ വരില്ല. പുതിയ യജമാനൻ ഉണ്ട്. പക്ഷേ, പേടിച്ചു പേടിച്ചാണ് നാല് കിലോമീറ്റർ ദൂരം ഈ നായ അപരിചിതരായ കൃഷ്ണൻകുട്ടിയ്ക്കും സവിതയ്ക്കുമൊപ്പം നടന്നത്.
ഇടയ്ക്ക് ഒന്ന് കുതറി നോക്കും. വിട്ടു കിട്ടിയാൽ ചൂരൽമലയുടെ ചൂരിലേക്ക് തിരിച്ചു പോകാമായിരുന്നു എന്ന പോലെ ദയനീയമായി നോക്കും. പക്ഷേ അപ്പോഴൊക്കെ സ്നേഹം കൊണ്ട് തഴുകിത്തലോടി ഇവർ ഒപ്പം നിന്നു. വഴിയിലുള്ളവർ ആഹാരം നൽകിയപ്പോൾ ആർത്തിയോടെ തിന്നു. ആളുകളും വണ്ടികളും കാണുമ്പോൾ പരിഭ്രമിച്ചു അരികിലൊതുങ്ങി. അപ്പോഴും പേടി മാറ്റാൻ കൂട്ട് നിന്നു. എന്നെങ്കിലും യജമാനൻ തേടി വരുമോ എന്നറിയില്ല. വന്നാൽ ഉപാധികളില്ലാതെ സ്നേഹത്തോടെ തിരികെ നൽകുമെന്നാണ് കൃഷ്ണൻകുട്ടിയുടെ വാഗ്ദാനം.
ഏറെ ഇഷ്ടത്തോടെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന മറ്റൊരു നായ തിരിച്ചുപോയിരുന്നു. മാത്രമല്ല രണ്ട് പട്ടികൾ വേറെയും വീട്ടിലുളളതിനാൽ കൂട്ടത്തിൽ മെരുങ്ങാൻ പാടാണെന്ന് കണക്ക് കൂട്ടിയാണ് വീട്ടിൽ കയറ്റിയത്. പക്ഷേ വീട്ടുകാരായ ജൂലിയും ജിമ്മിയും മികച്ച ആതിഥേയരായി. വീട്ടുകാർക്ക് അതിയായ സന്തോഷവും.
മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും തങ്ങൾക്ക് കിട്ടിയ, കൊടുത്ത സ്നേഹത്തിൻ്റെ, പരിലാളനത്തിൻ്റെ കെട്ടുപാടുകൾ പെട്ടെന്ന് പൊട്ടിപ്പോയാൽ അംഗീകരിക്കാൻ കഴിയില്ല. പക്ഷേ വിധി സ്വീകരിച്ചേ പറ്റൂ. അതാണ് പ്രകൃതി.