
വയനാട് ചൂരല്‍മലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഇന്നും തെരച്ചിൽ തുടരും. ചാലിയാറില്‍ ഇന്ന് രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിക്കും. ജലനിരപ്പ് താഴ്ന്നതോടെ ചാലിയാറിൽ രൂപപ്പെട്ട മൺതിട്ടകളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രദേശത്തെ പരിശോധന നാളെയോടെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.
ചാലിയാറിൻ്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, വാണിയംപുഴ മാച്ചിക്കയി ഉൾപ്പടെ ഏഴ് മേഖലകളിലായിരുന്നു ഇന്നലെ തെരച്ചിൽ. വിവിധ സംഘങ്ങളുടെ പരിശോധനയിൽ 16 മൃതദേഹങ്ങൾ കണ്ടെത്തി. പൊലീസ്, വനം വകുപ്പ്, ഫയർഫോഴ്സ്, എൻഡിആർഎഫ് അംഗങ്ങൾക്കൊപ്പം നാട്ടുകാരും നൂറുകണക്കിന് വളണ്ടിയർമാരും തെരച്ചിലിൽ പങ്കാളികളായി. വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു. നാവികസേന, പൊലീസ് സേന വിഭാഗങ്ങളുടെ ചോപ്പറും തെരച്ചിലിനായി ഉപയോഗിച്ചു.
73 മൃതദേഹങ്ങളും, 132 ശരീര ഭാഗങ്ങളും ഉൾപ്പെടെ, മേഖലയിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 205 മൃതദേഹങ്ങളാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച 198 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോയി.
അതേസമയം, മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് സർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇന്ന് രാവിലെ മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിൻ്റെ പ്രത്യേക രജിസ്ട്രേഷൻ കൗണ്ടർ ആരംഭിക്കും. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേരിലും രജിസ്റ്റർ ചെയ്യണം.