
ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് കുട്ടികളുൾപ്പെടെ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടിട്ടുണ്ട്. കേദാർനാഥിലേക്കുള്ള വഴിയിൽ 200 ഓളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 17 സ്ത്രീകളും 19 പുരുഷൻമാരും ഉൾപ്പെടെ 36 പേരെ കാണാതായിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.
സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തനിവാരണ സംഘം സ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായി. രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡിയിലും മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച ഹരിദ്വാറിലെ ഭൗരി ദേര ശാന്തർഷാ ഗ്രാമത്തിൽ ഒരു വീട് തകർന്നുവീണ് രണ്ടു പേർ മരിക്കുകയും, ഒമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആസ് മുഹമ്മദ് (10), നഗ്മ (8) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.
ഉത്തരാഘണ്ഡിലെ തേഹ്രി ഗര്‍വാളിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി. പരുക്കേറ്റ ഒരാളെ എസ്‌ഡിആർഎഫ് ആശുപത്രയിൽ എത്തിച്ചിട്ടുണ്ട്. സോൻപ്രയാഗിൽ ജലനിരപ്പ് ഉയർന്നതോടെ നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. താതി ഗ്രാമത്തിലെ മൂന്നു വീട്ടുകാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചമോലിയിലെ ബെൽചേരിയിലുണ്ടായ കനത്ത മഴയിൽ ഒരു വീട് പൂർണമായും തകർന്ന് ഒരു സ്ത്രീയെയും കുട്ടിയെയും കാണാതായി. സംഭവസ്ഥലത്തേക്ക് എസ്ഡിആർഎഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വരുംദിവസങ്ങളൽ കനത്ത മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കുളു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.