
കേരളം ഓരോ ദുരന്തങ്ങൾ നേരിടേണ്ടി വരുമ്പോഴും അതിലൊന്നും തകർന്ന് പോവാതെ കൈപിടിച്ചുയർത്താൻ ലോകം മുഴുവൻ കൂടെ നിൽക്കാറുണ്ട്. ഒരു രാത്രിയിൽ എല്ലാം നഷ്ടപ്പെട്ട വയനാടിനെ ചേർത്തുപിടിക്കാൻ കേരളം മുഴുവൻ ഒറ്റക്കെട്ടായിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനോടകം ലഭിച്ചത്.
10 ലക്ഷം രൂപയാണ് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തൃശ്ശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനും പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണനും കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കായി മാറ്റി വെച്ചു. കേരള ഫോക് ലോർ അക്കാദമി വയനാടിനായി സംഭാവന ചെയ്തത് അഞ്ച് ലക്ഷം രൂപയാണ്.
കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായ ജി.എ.സ് ശ്രീജിഷും ഭാര്യ ഷിജി സി.കെ.യും ചേർന്ന് ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി. പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ - 2.5 ലക്ഷം രൂപ, കോഴിക്കോട് എന്‍.ഐ.പി.എം.എസ് അക്കാദമി - 50,000 രൂപ, മേജർ രവി - രണ്ടു ലക്ഷം രൂപ എന്നിങ്ങനെ നീളുന്നു ദുരിതാശ്വാസനിധിയിലേക്കെത്തിയ പണത്തിൻ്റെ കണക്ക്. അതേസമയം കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മിച്ച് നല്‍കും.