
കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി. സിപിഎം ഇപ്പോൾ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്നതിനാണ് സ്ക്രീൻഷോട്ട് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സിപിഎം ശ്രമിച്ചു. ആ പരിപ്പ് ഇവിടെ വെന്തില്ല, നന്ദി പറയേണ്ടത് ജനങ്ങളോടാണെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഭീകരപ്രവര്‍ത്തനത്തിന് സമാനമായ ഹീനമായ പ്രവര്‍ത്തനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് പ്രതികരിച്ചിരുന്നു. ഇത് തുടങ്ങിയതും പ്രചരിപ്പിച്ചതും സിപിഎം ആണെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. സിപിഎമ്മുമായി ചേര്‍ന്ന് പൊലീസ് ഒത്തുകളിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎം തന്നെയാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.