കോഴിക്കോട്: താമരശേരിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ മെയിലാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കെത്തിയ 12കാരി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ നിന്നും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ താമരശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
പ്രതി പ്രദേശവാസിയായ 70കാരനാണ് എന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നത്. എന്നാൽ, പെൺകുട്ടിയുടെ മൊഴി ആരോപണ വിധേയൻ നിഷേധിച്ചു. പൊലീസ് 70കാരൻ്റെയും, ഗർഭസ്ഥ ശിശുവിൻ്റെയും രക്ത സാമ്പിൾ എടുത്ത് ഡിഎൻഎ പരിശോധക്ക് അയച്ചു. എന്നാൽ, സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ട് ഒന്നര മാസം പിന്നിട്ടിട്ടും ഫലം ലഭ്യമായിട്ടില്ല. ഡിഎൻഎ ഫലം വരാതെ കേസിൽ നടപടി സ്വീകരിക്കാൻ ആവില്ല എന്ന നിലപാടിലാണ് പൊലീസ്.