ന്യൂഡൽഹി: പഹാർഗഞ്ചിൽ 15കാരന് നെഞ്ചിൽ കുത്തേറ്റു. നെഞ്ചിൽ ആഴ്ന്നിറങ്ങിയ കത്തിയുമായി വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തി. സ്ക്കൂളിന് സമീപത്തുവച്ചാണ് കുത്തേറ്റത്. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. അരാം ബാഗിലെ ഒരു സ്കൂളിലെ വിദ്യാർഥിക്കാണ് കുത്തേറ്റത്. കലാവതി സരൺ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥിയെ പിന്നീട് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഡോക്ടർമാർ വിജയകരമായി നെഞ്ചില്‍ നിന്നും ആയുധം നീക്കം ചെയ്തു.
വിദ്യാർഥിയുടെ മൊഴി പ്രകാരം, സ്കൂൾ ഗേറ്റിന് സമീപത്ത് വച്ച് മൂന്ന് കുട്ടികളുമായുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. വഴക്കിനിടെ, ഒരാൾ കത്തികൊണ്ട് കുത്തുകയും മറ്റുള്ളവർ അവനെ പിടിച്ചുവയ്ക്കുകയും ആയിരുന്നു. ഒരു പൊട്ടിയ ബിയർ കുപ്പിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. 15, 16 വയസുള്ള കുട്ടികളാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണം എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ്, കത്തിക്കുത്തേറ്റ വിദ്യാർഥിയും ഒരു കൂട്ടം ആണ്‍കുട്ടികളുമായി പ്രശ്നമുണ്ടായിരുന്നു.