
കൊച്ചി: വെർച്വൽ അറസ്റ്റ് ചെയ്ത് വീട്ടമ്മയിൽ നിന്ന് രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടുത്ത മാനസിക പീഡനമാണ് വെർച്വൽ അറസ്റ്റിൽ വീട്ടമ്മ നേരിട്ടത്. ജെറ്റ് എയർവേയ്സ് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം ഇവരെ വിളിച്ചത്. സംഘം വ്യാജ ഓൺലൈൻ കോടതിയിൽ ഹാജരാക്കിയെന്നും വീട്ടമ്മ പറയുന്നു.
മട്ടാഞ്ചേരി സ്വദേശിനിയായ 59കാരിയെ കബളിപ്പിച്ചാണ് രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നത്. മലയാളികൾ ഉൾപ്പെട്ട സംഘമാണ് വെർച്വൽ അറസ്റ്റിന് പിന്നിലെന്ന് വ്യക്തമായിരുന്നു. ജെറ്റ് എയർവേയ്സ് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഇവരെ വിളിക്കുന്നത്. രണ്ട് കോടി രൂപ തന്റെ അക്കൗണ്ടിൽ എത്തിയത്തിന്, 25 ലക്ഷം രൂപ കമ്മീഷൻ വാങ്ങിയെന്ന് തട്ടിപ്പ് സംഘം പറഞ്ഞു. മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു. വ്യാജ കോടതിയിലും ഹാജരാക്കി. വ്യാജ ഓൺലൈൻ കോടതിയിൽ ജഡ്ജി, വക്കീൽ എന്നിവർ ഉണ്ടായിരുന്നു. തനിക്കെതിരെ ഒരു യുവതിയെക്കൊണ്ട് സാക്ഷി പറയിച്ചെന്നും വീട്ടമ്മ പറയുന്നു.
ആദ്യഘട്ടത്തിൽ ഇവർ ഒൻപത് ലക്ഷം രൂപയാണ് നൽകിയത്. ജൂലൈ 10 മുതൽ ആഗസ്റ്റ് 30 വരെ 2.88 ലക്ഷം രൂപ കൈമാറി. ബാങ്കിൽ എത്തിയപ്പോഴും തട്ടിപ്പ് സംഘം വിളിച്ചു. ബാങ്ക് ജീവനക്കാരോട് മെഡിക്കൽ ആവശ്യം എന്ന് പറയാൻ പറഞ്ഞു. പിന്നാലെ സ്വർണം പണയം വെച്ച് 62 ലക്ഷം രൂപ നൽകുകയായിരുന്നു.
പണം നൽകിയിട്ടും സംഘം വിടാതായതോടെ ഇവരുടെ ഭർത്താവ് മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ മലയാളികൾ ഉൾപ്പെട്ട ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് മനസിലായി.
അതേസമയം കൊച്ചിയിൽ സൈബർ തട്ടിപ്പ് തുടർകഥയാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 4 കേസുകളിലായി സൈബർ തട്ടിപ്പ് സംഘം തട്ടിയത് 28 കോടി രൂപയാണ്.കൊച്ചിയിലെ കണക്ക് മാത്രമാണിത്.