തിരുവനന്തപുരം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നടന്ന പരിശോധനയിൽ 47 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. നാലുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നാലുപേരും ഒരേ സംഘത്തിലുള്ളവരാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
വിഴിഞ്ഞം, പൂന്തുറ പരുത്തിക്കുഴി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വിഴിഞ്ഞത്ത് നാലര കിലോ കഞ്ചാവുമായി തക്കല സ്വദേശി മുജീബ്, വട്ടിയൂർകാവ് സ്വദേശി ബിജു കുമാർ എന്നിവരും പരുത്തിക്കുഴിയിൽ 42 കിലോ കഞ്ചാവുമായി പൂജപ്പുര സ്വദേശി പ്രത്യഷ്, കരിമഠം സ്വദേശി മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. നാലു പേരും ഒരേ സംഘത്തിലുൾപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.
ഇരുകൂട്ടരും സഞ്ചരിച്ച കാറിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലഹരി കടത്താൻ ഉപയോഗിച്ച രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന പിടിയിലായവർ പൊലീസിന് മൊഴി നൽകി. തിരുവനന്തപുരത്ത് കച്ചവടത്തിനെത്തിച്ചതാണ് കഞ്ചാവ്. ലഹരിസംഘങ്ങൾക്കായി തിരുവനന്തപുരത്ത് പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.