

തൃശൂർ: കൊടുങ്ങല്ലൂരിൽ ആലപ്പുഴ സ്വദേശി അതിക്രൂര മർദനമേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തിയ സംഭവത്തിൽ വഴിത്തിരിവ്. സുദർശന് പരിക്കേറ്റത് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ സഹ അന്തേവാസിയുടെ അതിക്രൂര മർദനത്തിലാണെന്ന് പൊലീസ് കണ്ടെത്തൽ. പരിക്കേറ്റ ആളെ ചികിത്സ നൽകാൻ പോലും തയ്യാറാവാതെ അഗതിമന്ദിരം അധികൃതർ കൊടുങ്ങല്ലൂരിൽ എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.
കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരിക്കേറ്റ സുദർശൻ.സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരാനാണ് തീരുമാനം.
മനുഷ്യത്വരഹിതമായ ക്രൂരതയാണ് ആലപ്പുഴ കുത്തിയതോട് സ്വദേശി എം.സി സുദർശന് നേരിടേണ്ടി വന്നത്. ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചതിനെ തുടർന്ന് അവയവം മുറിച്ച് മാറ്റേണ്ടി വന്നു. കുത്തിപ്പരിക്കേൽപ്പിച്ച ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി , വയറിലും പുറത്തുമായി കുത്തേൽക്കുകയും ആഴത്തിൽ മുറിവുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
തുറവൂരിലെ ഒരു കൊലപാതക കേസിലടക്കം ഒൻപതു കേസുകളിൽ പ്രതിയായ സുദർശനെ കഴിഞ്ഞ 16ാം തീയതി തുറവൂരിലെ ഒരു ചായക്കടയിൽ ജോലിക്ക് നിൽക്കുന്നതിനിടെ കാണാതാവുകയായിരുന്നു. പിന്നീട് ഇയാളെ 21ന് കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ഹാളിന് സമീപം റോഡിൽ പരിക്കേറ്റ് നഗ്നനായി കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്.