
ഗുജറാത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ ലിവിന്‍ പങ്കാളി കഴത്തു ഞെരിച്ചു കൊന്നു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കച്ചിലെ അഞ്ചര്‍ പൊലീസ് സ്റ്റേഷനിലെ അസി. സബ ഇന്‍സ്‌പെക്ടറായ അരുണാബെന്‍ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണാബെന്‍ ജോലി ചെയ്യുന്ന അതേ സ്‌റ്റേഷനിലെത്തിയാണ് ദിലീപ് കീഴടങ്ങിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടില്‍ വെച്ച് അരുണാബെന്നും ദിലീപും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടയില്‍ ദിലീപിന്റെ അമ്മയെ കുറിച്ചുള്ള അരുണാബെന്നിന്റെ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. വഴക്ക് മൂര്‍ച്ഛിച്ചതിനിടയില്‍ അരുണയെ ദിലീപ് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഞ്ചര്‍ ഡിവിഷന്‍ ഡിവൈഎസ്പി മുകേഷ് ചൗദരി മാധ്യമങ്ങളോട് പറഞ്ഞു.
സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ദിലീപ് മണിപ്പൂരിലാണ് ജോലി ചെയ്യുന്നത്. അരുണയും ദിലീപും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു. 2021 ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അന്ന് മുതല്‍ ഒന്നിച്ചായിരുന്നു താമസം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.