പാലക്കാട്: നാൽപ്പത്തിയാറുകാരിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെ തുടർന്നുള്ള മർദനത്തിൽ. പ്രതി യുവതിയുടെ വാരിയെല്ല് തകർത്തു, നട്ടെല്ലിനും ക്ഷതം ഏറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തായി മുറിവുകളുമുണ്ട്. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി സുബ്ബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യയാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിത്. പാലക്കാട് എഎസ്പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരത്തിൽ ആക്രിപെറുക്കുന്ന ജോലിയാണ് സുബയ്യന്. ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും, നേരത്തെ ആശുപത്രി തല്ലിത്തകർത്ത കേസിലെയും പ്രതിയാണ് സുബ്ബയ്യൻ.
ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് 46കാരിയുടെ മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു.