കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറിയിലെത്തി മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകളെന്ന് കണ്ടെത്തല്‍. എടിഎം തകര്‍ത്ത് പണം കൊള്ളയടിച്ച കേസുകളിലും ഭവന കവര്‍ച്ചാ കേസുകളിലും പ്രതികളാണിവര്‍. കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച കണ്ടെയ്‌നര്‍ ലോറിലിയാണ് പ്രതികള്‍ കേരളത്തില്‍ മോഷണത്തിന് എത്തിയത്. ഹരിയാന സ്വദേശികളായ നാജിര്‍ അഹമ്മദ്, സഹീദ് രാജസ്ഥാന്‍ സ്വദേശിയായ സൈകുളുമാണ് പിടിയിലായത്.
കേരളത്തില്‍ വന്‍ എടിഎം കൊള്ളകളാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. പിടിയിലായ രാജസ്ഥാന്‍ സ്വദേശി സൈകുള്‍ ഹനീഫ് 15 ഓളം കേസുകളില്‍ പ്രതിയാണ്. ഹരിയാന സ്വദേശികളായ നസീര്‍ അഹമ്മദ് അമീനും, സുധം ഇയാസും 10 ഓളം കേസുകളില്‍ പ്രതികളാണ്. പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഒരാള്‍ സ്‌റ്റേഷന്റെ ചില്ല് തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
തമിഴ്‌നാട് പൊലീസ് നല്‍കിയ മുന്നറിയിപ്പാണ് കേരള പൊലീസിന് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കൃഷ്ണഗിരി ജില്ലയിലെ ഗുരുമ്പരപള്ളിയില്‍ കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് തമിഴ്‌നാട് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന നല്‍കിയത്. ഗുരുമ്പരപള്ളിയില്‍ നിന്നും ഇന്നലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി എക്കോ കാറാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷണം നടത്തിയത് രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ള ഒരു കണ്ടെയ്‌നര്‍ ലോറിയില്‍ പോയ സംഘമാണെന്ന് വ്യക്തമായി.
കണ്ടെയ്‌നര്‍ ലോറിയുടെ യാത്ര നിരീക്ഷിച്ച തമിഴ്‌നാട് പൊലീസ്, വിവിധ ഇടങ്ങളിലേയ്ക്ക് വിവരം അറിയിച്ചു. മോഷ്ടിച്ച കാര്‍ ഉപയോഗിച്ച് സംഘം എടിഎം കൊള്ളയടിക്കാന്‍ സാധ്യത ഉണ്ടെന്നായിരുന്നു തമിഴ്‌നാട് പൊലീസ് കൈമാറിയ വിവരം. പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ 4 മണിയോടുകൂടി മൂന്ന് പേര്‍ പനങ്ങാട് പൊലീസിന്റെ പിടിയിലായത്. എസിയും അനുബന്ധ ഉപകരണങ്ങളും ഒരു ഗ്യാസ് കട്ടറും കണ്ടെയ്‌നറില്‍ നിന്ന് കണ്ടെത്തി.