പെരുമ്പാവൂർ; മൊബൈൽ ടവറുകളിൽ നിന്ന് ചെമ്പ് കമ്പികളും കോയിലുകളും പതിവായി മോഷണം നടത്തിയിരുന്നയാൾ പിടിയിൽ. അസം സ്വദേശി സദ്ദാം ഹുസൈനാണ് പെരുമ്പാവൂരിൽ ടവറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നത്. മോഷണം പതിവായതോടെ നാട്ടുകാർ സംഘടിച്ചാണ് ഇയാളെ വലയിലാക്കിയത്.
പ്രദേശത്തെ മൊബൈൽ ടവറുകളിലെ കമ്പികളും ചെമ്പ് കോയിലുകളും പതിവായി മോഷണം പോകാൻ തുടങ്ങിയതോടെയാണ് മോഷ്ടാവിനെ പിടികൂടാൻ പൊലീസിനൊപ്പം നാട്ടുകാരും കച്ചകെട്ടി ഇറങ്ങിയത്. പെരുമ്പാവൂർ പട്ടാലിലുള്ള ബി എസ് എൻ എൽ മൊബൈൽ ടവറിന്റെ ചെമ്പ് കോയിലുകൾ മുൻപ് മോഷണം പോയിരുന്നു.
മോഷണം പോയി തൊട്ടടുത്ത ദിവസം തന്നെ ബിഎസ്എൻഎൽ അധികൃതർ ഇടപെട്ട് ഇത് പുനസ്ഥാപിച്ചു. എന്നാൽ വെള്ളിയാഴ്ച രാത്രി വീണ്ടും ഇവിടെ മോഷണം നടത്താൻ എത്തിയ പ്രതി സദ്ദാം നാട്ടുകാരുടെ വലയിൽ ആവുകയായിരുന്നു. പെരുമ്പാവൂരിൽ ചെമ്പു കോയിലുകളും, കേബിളുകളും, വയറുകളും മോഷണം പോകുന്നത് ഇപ്പോൾ സ്ഥിരമാണ്. വിഷയം ചർച്ചയാകുന്നതിനിടെയാണ് ഇപ്പോൾ ഒരു പ്രതി പിടിയിലായത്.
ബിഎസ്എൻഎൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടവറുകൾ കേന്ദ്രീകരിച്ചുള്ള മോഷണത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.