ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹോസ്റ്റൽ ഉടമ അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി അഷ്റഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി ഇയാളുടെ വീട്ടിലാണ് പേയിങ് ഗസ്റ്റായി താമസിച്ചിരുന്നത്. വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതിനെ തുടർന്ന് പ്രതിയായ അഷ്‌റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്ത് ദിവസം മുമ്പാണ് അഷ്‌റഫിൻ്റെ വീട്ടിൽ പേയിംങ് ഗസ്റ്റായി താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു. മുറിയിൽ വന്ന് തന്നോട് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂവെന്ന് അഷ്റഫ് പറഞ്ഞതായി വിദ്യാർഥിനി പറഞ്ഞു.
എന്നാൽ അതിന് വിസമ്മതിച്ചപ്പോൾ അഷ്‌റഫ് തന്നെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ട് പോയി മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനി പറയുന്നത്. തൻ്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും അത് ചെയ്യാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറഞ്ഞു.
ബെംഗളൂരുവിലെ മറ്റൊരു പേയിങ് ഗസ്റ്റ് അക്കോമഡേഷൻ ഉടമ ഒരു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട് ഒരു മാസത്തിന് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്.