ബെംഗളൂരു: വീടിനുള്ളിൽ 45 വയസുള്ള വീട്ടമ്മയെയും മകളേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുവർണ ചന്ദ്രശേഖറും മകൾ തരുണ്യ ചന്ദ്രശേഖറുമാണ് (13)മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ മകൾ തരുണ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുപ്പെടുത്തിയ ശേഷം സുവർണ ജീവനൊടുക്കുകയായിരുന്നു എന്ന് കണ്ടെത്തി.
ജോലി സ്ഥലത്തെത്തിയ ഭർത്താവ് ചന്ദ്രശേഖർ സുവർണയെ മൊബൈലിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കോൾ അറ്റൻഡ് ചെയ്യാത്തതിനെ തുടർന്ന് അദ്ദേഹം തൻ്റെ ഇളയ സഹോദരനോട് വീട്ടിൽ ചെന്ന് അന്വേഷിക്കാൻ പറഞ്ഞു. രാവിലെ 11 മണിയോടെ സഹോദരൻ വീട്ടിലെത്തി സുവർണയെ വിളിച്ചിട്ടും, യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്ന് ജനാലയിലൂടെ നോക്കിയപ്പോൾ സുവർണയെയും തരുണ്യയേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫോണിൽ ഒരു മരണക്കുറിപ്പോ സന്ദേശങ്ങളോ ഞങ്ങൾക്ക് ലഭിച്ചില്ല. സുവർണ വിഷാദത്തിലായിരുന്നു. തൻ്റെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലും സുവർണ എപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. താൻ മരിച്ചാൽ മകളെ ആര് നോക്കുമെന്ന് സുവർണ വേവലാതിപ്പെട്ടിരുന്നു എന്നും ചന്ദ്രശേഖർ പൊലീസിനോട് പറഞ്ഞു. അതായിരിക്കാം മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ സുവർണയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം, അത്താഴത്തിന് ശേഷം താൻ ക്ഷീണിതനാണെന്നും അടുത്ത ദിവസം പ്രഭാതഭക്ഷണം തയ്യാറാക്കുന്നില്ലെന്നും പറഞ്ഞാണ് സുവർണ കിടന്നത്. ഭാര്യയും മകളും മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും ചന്ദ്രശേഖർ പറഞ്ഞു. ക്ഷീണിത ആണെന്ന് പറഞ്ഞതിനാൽ രാവിലെ വിളിച്ചില്ലെന്നും, ജോലി സ്ഥലത്ത് എത്തി, വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മരിച്ച വിവരം അറിയുന്നതെന്നും ചന്ദ്രശേഖർ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)