കോഴിക്കോട്: കാരശ്ശേരിയിൽ യുവാവിന്റെ ബൈക്ക് പട്ടാപ്പകൽ മോഷണം പോയി. ആനയാംകുന്ന് സ്വദേശി വിജേഷ്, ടൗണിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. യുവാവിന്റെ പരാതിയിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുപേർ ചേർന്ന് ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
നവംബർ 25ാം തീയതി കാരശ്ശേരി ടൗണിൽ പാർക്ക് ചെയ്ത, കെഎൽ-11-എഎസ്-9532 എന്ന നമ്പറുള്ള പൾസർ ബൈക്കാണ് മോഷണം പോയത്.ബൈക്കുടമയായ വിജേഷ് ബൈക്ക് നിർത്തി കടയിലേക്ക് കയറിയ തക്കം നോക്കിയാണ് മോഷ്ടാക്കൾ വാഹനവുമായി കടന്നു കളഞ്ഞത്. മുക്കം ഭാഗത്ത് നിന്ന് സ്കൂട്ടറിലെത്തിയ രണ്ടുപേരിൽ ഒരാളാണ് ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞത്. യുവാവിന്റെ പരാതിയിൽ മോഷ്ടാക്കൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്.