കൊച്ചി: അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ് കാൽ മുറിച്ചുമാറ്റേണ്ടി വന്ന സന്ധ്യയ്ക്ക് കൃത്രിമ കാൽ നൽകാമെന്ന് ഉറപ്പ് നൽകി നടൻ മമ്മൂട്ടി. സന്ധ്യയുമായി വീഡിയോ കോളിലൂടെ മമ്മൂട്ടി സംസാരിച്ചു. 38 ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം സന്ധ്യ വാടക വീട്ടിലേക്ക് മടങ്ങി.
കൃത്രിമ കാൽ നൽകാമെന്ന മമ്മൂട്ടി നൽകിയ ഉറപ്പിലാണ് ഇനി സന്ധ്യയുടെ പ്രതീക്ഷ. ഏക മകൾക്ക് താങ്ങാകണമെങ്കിൽ ശരീരം താങ്ങാൻ കാൽ വേണം. സന്ധ്യയുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൃത്രിമ കാൽ വെക്കുന്നതിന് വേണ്ട സഹായം നൽകാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ. മുരളീധരന് മമ്മൂട്ടി നിർദേശം നൽകി.
നേരത്തെ സന്ധ്യയുടെ ചികിത്സാച്ചെലവുകൾ പൂർണമായും മമ്മൂട്ടി ഏറ്റെടുത്തിരുന്നു. മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്നതിനാൽ 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വാടക വീട്ടിലേക്കാണ് സന്ധ്യ മടങ്ങുന്നത്. അടിമാലിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും മമ്മൂട്ടി ഉറപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ 25ന് അടിമാലി കൂമ്പൻ പാറയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് സന്ധ്യക്ക് ഗുരുതര പരിക്കേറ്റത്. ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. തകർന്ന വീട്ടിൽ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടയിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. ഞെരമ്പുകൾ ചതഞ്ഞരഞ്ഞ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഘട്ടത്തിലാണ് ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്. മുറിവുകൾ ഉണങ്ങിയതോടെ പരസഹായത്തോടെ നടക്കാൻ സന്ധ്യയ്ക്ക് കഴിഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കൃത്രിമ കാൽ സ്ഥാപിക്കാൻ സാധിക്കും.