ലഖ്‌നൗ: ഉത്തർപ്രദേശിൽ പെൺകുഞ്ഞിനേയും ഭാര്യയേയും ക്രൂരമായി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. കോടാലി കൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് വയസുകാരിയായ മകൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
ഡയൽ-112 ലെ പിആർവി (പൊലീസ് റെസ്‌പോൺസ് വെഹിക്കിൾ) ജീപ്പ് ഡ്രൈവറായി നിയമിതനായ ഗൗരവ് കുമാർ (35) എന്ന കോൺസ്റ്റബിളാണ് പ്രതി. ഗാർഹിക വഴക്കിനെ തുടർന്ന് ഭാര്യ ശിവാനി (32) യെയും മകൾ പാരിയെയും കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒളിവിൽപോയ ഗൗരവ് കുമാറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആക്രമണത്തിന് ശേഷം പ്രതി വീടിന്റെ വാതിൽ പുറത്തു നിന്ന് കുറ്റിയിട്ട് ഓടി രക്ഷപ്പെട്ടതായാണ് വിവരം. വീട്ടുടമസ്ഥനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
രാത്രി വൈകി നടത്തിയ തെരച്ചിലിൽ, യമുനാ നദിയുടെ തീരത്തുനിന്ന് ഗൗരവ് കുമാറിന്റെ മൊബൈൽ ഫോണും ചില സ്വകാര്യ വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അധികൃതർ പറഞ്ഞു.