
ഡൽഹി: രോഹിണി സെക്ടർ പതിനേഴിൽ 15 വയസായ കുട്ടിക്ക് ലഭിച്ച സമ്മാനങ്ങളെച്ചൊല്ലി നടന്ന തർക്കം അവസാനിച്ചത് ഇരട്ടക്കൊലപാതകത്തിൽ. ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന യോഗേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കുസും സിൻഹ മകളായ പ്രിയയുടെയും യോഗേഷിന്റെയും കുഞ്ഞായ ചിരാഗിന്റെ ജന്മദിനം ആഘോഷിക്കാനാണ് ഓഗസ്റ്റ് 28ന് യോഗേഷിന്റെ വീട്ടിലെത്തിയത്. ജന്മദിനാഘോഷത്തിനിടെ പേരക്കുട്ടിയായ ചിരാഗിന് കുസും സിൻഹ നൽകിയ ചില സമ്മാനങ്ങളെച്ചൊല്ലി തർക്കങ്ങളുണ്ടായി. തർക്കങ്ങളുണ്ടായെന്ന വിവരം പ്രിയയുടെ സഹോദരനും കുസുമത്തിന്റെ മകനുമായ മേഘ് സിൻഹ അറിഞ്ഞിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി കരുതിയില്ല.
സ്വന്തം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ കുസും സിൻഹ മകളും മരുമകനും തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാൻ യോഗേഷിന്റെ വീട്ടിൽതന്നെ തുടരാൻ തീരുമാനിച്ചു. ഓഗസ്റ്റ് 28ന് മകളുടെ വീട്ടിലെത്തിയ കുസും സിൻഹ ഓഗസ്റ്റ് 30 ന് വീട്ടിലെത്തുമെന്ന് മകൻ മേഘ് സിൻഹയെ അറിയിച്ചിരുന്നു. ശനിയാഴ്ച ഏറെ വൈകിയിട്ടും അമ്മയെ കണാതായതോടെ മേഘ് സിൻഹ കുസും സിൻഹയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.
പല തവണ വിളിച്ചിട്ടും അമ്മയെയും സഹോദരിയെയും ഫോണിൽ കിട്ടിയില്ല. ശനിയാഴ്ച മേഘ് സിൻഹ, പ്രിയയുടെ വീട്ടിലെത്തിയപ്പോൾ പുറത്തെ വാതിൽ പൂട്ടിയിരിക്കുന്നതായി കണ്ടു. വാതിലിനടുത്ത് രക്തക്കറ കണ്ട മേഘ് സിൻഹ പരിഭ്രാന്തനായി. ഉടൻ തന്നെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നു. അമ്മയും സഹോദരിയും മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് മേഘ് സിൻഹ കണ്ടത്.
യോഗേഷും മക്കളും വീട്ടിലുണ്ടായിരുന്നില്ല. മേഘ് സിൻഹ കെഎൻകെ മാർഗ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യോഗേഷ്, ഭാര്യ പ്രിയയെയും ഭാര്യയുടെ അമ്മ കുസും സിൻഹയെയും കൊന്ന ശേഷം കുട്ടികളുമായി കടന്നുകളയുകയായിരുന്നു എന്ന് മനസിലാക്കിയത്. യോഗേഷിന്റെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും പൊലീസ് കണ്ടെടുത്തു.
15 വയസ് തികഞ്ഞ കുട്ടിക്ക് യോഗേഷിന്റെയും പ്രിയയുടെയും വീട്ടുകാർ നൽകിയ സമ്മാനങ്ങളെ സംബന്ധിച്ച് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യോഗേഷിന്റെ വീട്ടുകാർ വിലപിടിപ്പുള്ള ഒരു സമ്മാനവും കുട്ടിക്ക് നൽകിയില്ലെന്ന് പ്രിയ കുറ്റപ്പെടുത്തിയെന്നും തുടർന്നാണ് കൊലപാതകം നടത്തിയതെന്നും യോഗേഷ് പൊലീസിനോട് പറഞ്ഞു.
കത്തികൊണ്ട് പ്രിയയുടെ കഴുത്തിൽ കുത്തിയെന്നും തടയാൻ വന്ന കുസും സിൻഹയെയും കുത്തി പരിക്കേൽപിച്ചെന്നും യോഗേഷ് പൊലീസിന് മൊഴി നൽകി. പ്രിയയും യോഗേഷും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നെന്നും ഒടുവിലത്തെ വഴക്കാണ് കുട്ടിക്ക് ലഭിച്ച സമ്മാനങ്ങളെച്ചൊല്ലി നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.