
കല്‍പ്പറ്റ: കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതക കേസില്‍ വീണ്ടും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കും. നേരത്തേ ശേഖരിച്ച സാമ്പിളില്‍ നിന്നും ഫലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഡിഎന്‍എ പരിശോധിക്കുന്നത്. എല്ലില്‍ നിന്നുള്ള സാമ്പിളാണ് ശേഖരിക്കുക.
ഡിഎന്‍എ ഫലം വൈകുന്നതിനാല്‍ 45 ദിവസമായി ഹേമചന്ദ്രന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. ഡിഎന്‍എ ഫലം വൈകുന്നുവെന്നാരോപിച്ച് ഹേമചന്ദ്രന്റെ ഭാര്യ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫലം വൈകുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ഹേമചന്ദ്രന്‍ കൊലപാതകത്തില്‍ ഒരാളെ കൂടി ഇന്ന് പൊലീസ് പിടിയിലായിട്ടുണ്ട്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി വെല്‍ബിന്‍ മാത്യു ആണ് പിടിയിലായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള വെല്‍ബിന്‍ മാത്യു ഒപ്പിട്ടതായി കണ്ടെത്തിയിരുന്നു. കേസില്‍ പിടിയിലാകുന്ന അഞ്ചാമത്തെയാളാണ് വെല്‍ബിന്‍ മാത്യു.
ഒന്നര വര്‍ഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ജൂണ്‍ 28 നാണ് പൊലീസ് കണ്ടെത്തിയത്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയല്ലെന്ന് വ്യക്തമായി.
ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി സൗദിയില്‍ നിന്നും പറഞ്ഞിരുന്നത്. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ടെന്നും പണം കിട്ടാന്‍ വേണ്ടി പലയിടങ്ങളിലും ഒരുമിച്ചാണ് പോയത് എന്നും എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണെന്നും നൗഷാദ് പറഞ്ഞിരുന്നു.
മൈസൂരില്‍ നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രന്‍ തിരിച്ചെത്തി ഒരു ദിവസം കൂടി വീട്ടില്‍ കിടക്കാന്‍ താമസിപ്പിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും നൗഷാദ് പറഞ്ഞിരുന്നു.
രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടത്. ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തതിലൂടെ നൗഷാദിന്റെ വാക്കുകള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നൗഷാദിനെ അടുത്തിടെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സൗദിയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്.