കുസും സോളാര്‍ പദ്ധതിയിൽ ക്രമക്കേട്: വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല

അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
Ramesh Chennithala
രമേശ് ചെന്നിത്തലSource: Facebook/ Ramesh Chennithala
Published on

തിരുവനന്തപുരം: കുസും സോളാര്‍ പദ്ധതിയില്‍ അനെര്‍ട്ടില്‍ നടന്ന കോടികളുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിജിലൻസിന് പരാതി നൽകി.അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.

അനര്‍ട്ട് സിഇഒയെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ചു കോടിക്കകത്തു മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ഹതയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെടെന്‍ഡറാണ് വിളിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് പത്തിന് പുറപ്പെടുവിച്ച ആദ്യടെണ്ടര്‍ മുതല്‍ ക്രമക്കേടുകളുടെ ഘോഷയാത്രയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
ഞാന്‍ മന്ത്രിയാണ്, ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഒടുവില്‍ പ്രതികരിച്ച് സുരേഷ് ഗോപി

അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണo. 1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 ഉം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 120B ഉം പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാണ് നടന്നത്.

ഏറ്റവും കുറച്ചു നിരക്ക് നല്‍തിയ അഥിതി സോളാര്‍ എന്ന കമ്പനി ടെന്‍ഡറില്‍ നിന്നു പിന്‍മാറിയതില്‍ വ്യക്തമായ ക്രമക്കേട് ഉണ്ട്. സാധാരണ ഇതുപോലെ കമ്പനികള്‍ പിന്മാറുമ്പോള്‍ അവരുടെ തുക കണ്ടു കെട്ടുന്ന കീഴ്വഴക്കമുണ്ട് എന്നാല്‍ ഇവിടെ ഇത്തരമൊന്നും സ്വീകരിച്ചിട്ടില്ല. ക്രമവിരുദ്ധമായി ഒന്നാം കരാര്‍ റദ്ദാക്കുമ്പോഴും കമ്പനികള്‍ക്ക് ഒരു നഷ്ടവും വരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ആദ്യകരാറിനേക്കാള്‍ വന്‍ തുക വ്യത്യാസത്തിലാണ് രണ്ടാം ടെന്‍ഡറില്‍ കരാര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് 145 ശതമാനം വരെ അധികം വരുന്ന തുകയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. റീടെന്‍ഡര്‍ നടത്തിയിട്ടും ടാറ്റാ സോളാറിനെ തെരഞ്ഞെടുക്കാന്‍ മനപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്.അതിനേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കോണ്ടാസ് ഓട്ടോമേഷന്‍ എന്ന സ്ഥാപനം ക്വോട്ട് ചെയ്ത തുക ഒഴിവാക്കിക്കൊണ്ടാണ് ടാറ്റയെ തെരഞ്ഞെടുത്തത്.

Ramesh Chennithala
അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്; മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കാൻ ആവശ്യപ്പെടും

ടെന്‍ഡര്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി ഇ ടെന്‍ഡറില്‍ ക്വോട്ട് ചെയ്ത തുകയുടെ തിരുത്തലും ഇതിനായി നടത്തിയിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇ ടെന്‍ഡറിലെ തുകയില്‍ പോലും തിരുത്തല്‍ നടത്തിയിരിക്കുന്നതെന്നും ചെന്നിത്തല പരാതിയിൽ പറഞ്ഞു.

ഈ ഇടപാടുകള്‍ വഴി സര്‍ക്കാരിനുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം ശരിയായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. നിയമവിരുദ്ധ ഇടപാടുകളില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റക്കാരെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. ഇതിനുപുറമെ, പദ്ധതിയുടെ നടത്തിപ്പില്‍ വിവിധ ക്രമക്കേടുകള്‍ ഉണ്ട്. Anneuxre-A1 പ്രകാരം ഇന്ത്യാ ഗവണ്‍മെൻ്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചു, അത് ശരിയായതും നീതിയുക്തവുമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂവെന്നും ചെന്നിത്തല പറഞ്ഞു.

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 ഉം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 120B ഉം പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് കേസ് രജിസ്റ്റര്‍ ചെയ്യാനും നിയമവാഴ്ചയും നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതുവഴി വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ പൊതു പണം അപഹരിക്കുന്നത് തടയുന്നതിനും ആവശ്യമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല പരാതിയില്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com