

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹമിർപുരിൽ കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലിക്കൊന്നു.35 വയസ്സുള്ള രവിയാണ് കൊല്ലപ്പെട്ടത്. കാമുകിയായ മനീഷയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് കാണാനെത്തിയ രവിയെ വീട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിക്കുകയായിരുന്നു. രവി മരിച്ചതറിഞ്ഞ മനീഷയും പിന്നീട് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നാലെ കേസ് ഭയന്ന് മനീഷയുടെ അമ്മാവനും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മനീഷയുടെ വിവാഹം നിർബന്ധപൂർവം നടത്താനൊരുങ്ങിയതറിഞ്ഞാണ് രവി മനീഷയുടെ വീട്ടിലെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും കെട്ടിയിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവി വെള്ളം ചോദിച്ചിട്ടും ഇവർ നൽകാൻ തയ്യാറായില്ല.
രവി മരിച്ചതോടെ സാഹചര്യത്തിൻ്റെ ഗൗരവം മനസിലായ മനീഷയുടെ അമ്മാവൻ കൊലപാതകക്കുറ്റം ചുമത്താതിരിക്കാൻ സ്വയം കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരുവരെയും മൗദഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തിച്ചു. അവിടെ വെച്ച് രവി മരിച്ചതായി അറിയിച്ചതോടെ മനീഷ സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കൊരുങ്ങുകയായിരുന്നു. നിലവിൽ മനീഷയും അമ്മാവനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അതേസമയം, പിൻ്റുവിനെ രവിയാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.