ജയില്‍ ചാടിയത് തമിഴ്‌നാട്ടിലേക്ക് പോകാന്‍; റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള വഴിതെറ്റിയതോടെ പദ്ധതി പൊളിഞ്ഞു

ജയില്‍ ചാടിയാൽ ആറ് മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാരന്‍ പറഞ്ഞു
ഗോവിന്ദച്ചാമി (Screen grab)
ഗോവിന്ദച്ചാമി (Screen grab)NEWS MALAYALAM 24X7
Published on

കണ്ണൂര്‍: ജയില്‍ചാടിയ സംഭവത്തില്‍ ഗോവിന്ദച്ചാമിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സഹതടവുകാരനോട് ജയില്‍ചാട്ടത്തെ കുറിച്ച് ഗോവിന്ദച്ചാമി നേരത്തേ പറഞ്ഞിരുന്നുവെന്നാണ് മൊഴി. ജയില്‍ചാടി പിടിച്ചാല്‍ ആറ് മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാരന്‍ പറഞ്ഞു.

ജയില്‍ ചാടി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയതിനാല്‍ എത്താനായില്ല. സെല്ലിലെ അഴി മുറിക്കാനുള്ള ഉപകരണം അരം ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവിന്ദച്ചാമി (Screen grab)
പാര്‍പ്പിക്കുക ഏകാന്ത സെല്ലില്‍, ഭക്ഷണത്തിനു പോലും പുറത്തിറക്കില്ല; ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്

ഇന്നലെ പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതിവിദഗ്ധമായി ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ ഇക്കാര്യം അറിയുന്നത് വളരെ വൈകിയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതോടെ നാട്ടുകാരുടെ കൂടി സഹായത്തോടെ അന്വേഷണം ഊര്‍ജിതമായി. രാവിലെ പത്തരയോടെ വെറും നാല് കിലോമീറ്റര്‍ അകലെ നിന്ന് ഒരു കിണറ്റിനുള്ളില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം സെല്ലില്‍ പതിവ് പരിശോധന നടത്തിയിരുന്നില്ല. സെല്ലിലെ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ആറ് മാസമായി ജയിലിന്റെ മതിലിലെ ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഈ സുരക്ഷ വീഴ്ചകള്‍ ഗോവിന്ദച്ചാമിക്ക് സഹായകമാവുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍. സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

ഗോവിന്ദച്ചാമി (Screen grab)
പ്ലാനിങ്ങോടെയുള്ള ജയില്‍ചാട്ടം, ജാഗ്രതയോടെയുള്ള തിരച്ചില്‍; ജയില്‍ സുരക്ഷയെ കുറിച്ച് മാത്രം ചോദ്യം ബാക്കി

അതേസമയം, ഗോവിന്ദച്ചാമിയെ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം.

ഇതിനിടയില്‍, മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയും പൊലീസ് - ജയില്‍ വകുപ്പ് മേധാവിമാരും യോഗത്തില്‍ പങ്കെടുക്കും. ജയില്‍ ചാട്ടത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ആരും സഹായിച്ചിട്ടില്ലെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com