പത്തനംതിട്ട: പുല്ലാട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്. ശ്യാമയുടെ അച്ഛൻ ശശിക്കും ശശിയുടെ സഹോദരി രാധാമണിക്കും കുത്തേറ്റു. ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10 മണിക്കാണ് കൊലപാതകം നടന്നത്. അജി, ഭാര്യ ശ്യാമയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. മകളെ ഉപദ്രവിക്കുന്നത് തടഞ്ഞ ശ്യാമയുടെ അച്ഛൻ ശശിയെയും അച്ഛന്റെ സഹോദരി രാധാമണിയെയും അജി കുത്തി.
ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാമയുടെ ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ ആഴത്തിൽ മുറിവേറ്റ ശ്യാമ അർദ്ധരാത്രിയോടെ മരിച്ചു. ശശിയും രാധാമണിയും തീവ്ര പരിചരണ വിഭാഗത്തിലാണ്.
പത്തനംതിട്ട കവിയൂർ സ്വദേശിയായ അജി, പുല്ലാടുള്ള ഭാര്യ വീട്ടിൽ ആയിരുന്നു താമസം. നേരത്തെ കോയിപ്രം പൊലീസ് സ്റ്റേഷനിൽ കുടുംബ കലഹവുമായി ബന്ധപ്പെട്ട് അജിക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു . വീട്ടിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും പറയുന്നു.