
ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട സോള്‍രാജിന്റെ സഹോദരി ഭര്‍ത്താവ് നാഗരാജ് ആണ് പിടിയിലായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നു പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ഉടുമ്പൻചോല സ്വദേശി സോള്‍രാജിനെ വീട്ടിലെ കിടക്കയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിലാണ് ഉടുമ്പന്‍ചോല കാരിത്തോട് ചിന്ന തമ്പി എന്നു വിളിക്കുന്ന പി. നാഗരാജ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലപ്പെട്ട സോള്‍രാജിന്റെ സഹോദരി ഭര്‍ത്താവാണ് പിടിയിലായ നാഗരാജ്.
കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്‌സൈസ് ആറു ലിറ്റര്‍ മദ്യവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോള്‍രാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. തുടര്‍ന്ന് കേസിന്റെയും മര്‍ദ്ദനത്തിന്റെയും സമ്മര്‍ദ്ദത്തില്‍ നാഗരാജ് കൊലപാതകം നടത്തിഎന്നാണ് പോലീസ് പറയുന്നത്. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സോള്‍രാജിന്റെ കഴുത്തറുത്താണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴിനല്‍കി.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും തന്നെയും സോള്‍രാജ് സ്ഥിരമായി ആക്രമിച്ചിരുന്നതായി നാഗരാജ് പൊലീസിനു മൊഴിനല്‍കി.
സംഭവ ദിവസം രാത്രി സോള്‍രാജ് മദ്യപിച്ചു മയങ്ങി ഉറങ്ങിയ മുറിയില്‍ കടന്ന്കയറി പ്രതി കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സോള്‍രാജ് ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി സമീപത്തെ തോട്ടില്‍ വലിച്ചെറിഞ്ഞ ശേഷം നാഗരാജ് കടന്നു കളഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ നാഗരാജിന്റെ ഭാര്യ കവിതയാണ് സോള്‍രാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തി നടത്തിയ അന്വേഷണത്തിലൊടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.