യുഎസ്: ദല്ലാസിലെ മോട്ടലിൽ ഇന്ത്യക്കാരനെ കൊന്ന് തലയറുത്ത് തൊഴിലാളി. തൊഴിൽസ്ഥലത്ത് ഉണ്ടായ ഒരു തർക്കത്തിന് പിന്നാലെയാണ് മോട്ടലിലെ ജോലിക്കാരനായ ചന്ദ്രമൗലി നാഗമല്ലയ്യ (50) യെ മറ്റൊരു ജോലിക്കാരൻ യോർഡാനിസ് കോബോസ്-മാർട്ടിനെസ് കത്തികൊണ്ട് കുത്തുകയും തലയറുക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം കർണാടക സ്വദേശിയായ നാഗമല്ലയ്യ മോട്ടലിലെ ജോലിക്കാരനായ യോർഡാനിസ് കോബോസ്-മാർട്ടിനെസി (37) നോട് വാഷിങ് മെഷീൻ പൊട്ടിയതിനാൽ അത് ഉപയോഗിക്കരുതെന്ന് പറഞ്ഞു. എന്നാൽ, തന്നോട് നേരിട്ട് പറയാതെ മറ്റൊരു ജോലിക്കാരനോട് നാഗമല്ലയ്യ തൻ്റെ നിർദേശം പരിഭാഷപ്പെടുത്തി നൽകാൻ ആവശ്യപ്പെട്ടത് യോർഡാനിസ് കോബോസ്-മാർട്ടിനെസിന് അസ്വസ്ഥതയുണ്ടാക്കി. തുടർന്ന് പ്രതി ഒരു വെട്ടുകത്തി എടുത്ത് നാഗമല്ലയ്യയെ പലതവണ വെട്ടുകയായിരുന്നു.
നാഗമല്ലയ്യ പാർക്കിംഗ് സ്ഥലത്തുകൂടി ഫ്രണ്ട് ഓഫീസിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെയെത്തി പിടികൂടി. നാഗമല്ലയ്യയുടെ ഭാര്യയും 18 വയസുകാരൻ മകനും ഫ്രണ്ട് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി കോബോസ്-മാർട്ടിനെസിനെ തടയാൻ ശ്രമിച്ചു, പക്ഷേ അയാൾ അവരെയും തള്ളിമാറ്റി. തുടർന്ന് പ്രതി നാഗമല്ലയ്യയുടെ തലയറുക്കുകയായിരുന്നു.
കോബോസ്-മാർട്ടിനെസ് അറുത്തെടുത്ത തലയുമായി മാലിന്യക്കൂമ്പാരത്തിലേക്ക് പോകുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. മാലിന്യക്കൂമ്പാരത്തിലേക്ക് നടന്ന് പോകുന്നതിനിടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോബോസ്-മാർട്ടിനെസിന് ഹ്യൂസ്റ്റണിൽ മുൻകാല ക്രിമിനൽ ചരിത്രമുണ്ടെന്ന് റിപ്പോർട്ടുണ്ട്, വാഹന മോഷണം, ആക്രമണം എന്നീ കുറ്റങ്ങൾക്ക് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാഗമല്ലയ്യയുടെ ദാരുണ മരണത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി, ജോലിസ്ഥലത്ത് വെച്ച് അദ്ദേഹം ക്രൂരമായി കൊല്ലപ്പെട്ടുവെന്നും കോൺസുലേറ്റ് അറിയിട്ടു.