മലപ്പുറം; ആൾതാമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പിടിയില്‍.അബ്ദുല്‍ കരീം, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്.പകല്‍ കറങ്ങി നടന്ന് ആള്‍പാർപ്പില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി.
മലപ്പുറം ജില്ലയ്ക്കകത്തും പുറത്തുമായി അമ്പതിലധികം മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായ വഴിക്കടവ് സ്വദേശി വാക്കയില്‍ അക്ബറും, കൊളത്തൂര്‍ കുറുവ സ്വദേശി അബ്ദുല്‍ കരീമും. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലായി അമ്പതിലധികം മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും. പകല്‍ സമയങ്ങളില്‍ കാറിലും ബസ്സിലും യാത്രചെയ്ത് കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം രാത്രിയില്‍ മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി.
മോഷണമുതല്‍ ബാംഗ്ലൂര്‍, ആന്ധ്ര, കോയമ്പത്തൂര്‍, എന്നിവിടങ്ങളില്‍ പോയി ആഡംബരജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. മലപ്പുറം ജില്ലയില്‍ ആള്‍ത്താമാസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതിനെ തുടര്‍ന്ന് ഇത്തരം കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു. നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതോടെ നാടുവിട്ട അബ്ദുല്‍ കരീം മറ്റു സംസ്ഥാനങ്ങളിലും നേപ്പാളിലുമായി ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു.
അതിനിടെ വീണ്ടും മോഷണം നടത്താന്‍ പദ്ധതിയിട്ട് അക്ബറുമായി ചേര്‍ന്ന് മഞ്ചേരി നറുകര ഭാഗത്ത് ഫ്‌ലാറ്റെടുത്ത് ഒരാഴ്ചയായി താമസിച്ചുവരികയായിരുന്നു. വഴിക്കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസില്‍ അറസ്റ്റിലായ അക്ബര്‍ ഒന്നരമാസംമുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ എസ്.ഐ. ഷിജോ സി തങ്കച്ചന്‍, നിഥിന്‍ ആന്റണി, ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.