ജെയ്നമ്മ കൊലക്കേസ്: സെബാസ്റ്റ്യൻ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്
jainamma missing case
ജെയ്നമ്മ, സെബാസ്റ്റ്യൻSource: News Malayalam 24x7
Published on
Updated on

കോട്ടയം: നാടിനെ നടുക്കിയ ജെയ്നമ്മ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ഏറ്റുമാനൂര്‍ സ്വദേശി ജെയ്​നമ്മയെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്താണ് കുറ്റപത്രം. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതോടൊപ്പം സ്ഥലത്തുനിന്ന് ലഭിച്ച രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഉറപ്പിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.

സെബാസ്റ്റ്യൻ മാത്രമാണ് കേസിലെ ഏകപ്രതി. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. ജെയ്​നമ്മയുടെ ഫോൺ സെബാസ്​റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ്​ കുറ്റകൃത്യം തെളിയുന്നതിലേക്ക്​ എത്തിയത്​. ഫോണിന്‍റെ ലൊക്കേഷൻ പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബർ 23നാണ് കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്ൻ മാത്യുവെന്ന ജെയ്നമ്മയെ കാണാതായത്.

jainamma missing case
കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം

ധ്യാനകേന്ദ്രത്തിൽ പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതിരുന്നപ്പോഴാണ് ബന്ധുക്കൾ പരാതി നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ വഴിത്തിരിവായി, ഫോൺ റീ ചാർജ് ചെയ്യുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. സെബാസ്റ്റ്യൻ വിറ്റതും പണയം വച്ചതുമായ ജെയ്നമ്മയുടെ സ്വർണാഭരണം ചേർത്തലയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്ത് നടത്തിയ തിരച്ചലിൽ പത്തിലധികം അസ്ഥിക്ഷണങ്ങളും സാരിയുടെ ഭാഗവും ഷാളും ചെറിയ ബാഗും കൊന്തയുടെ ഭാഗവും കണ്ടെടുത്തു. ജെയ്നമ്മ ഉൾപ്പെടെ 2006നും 2025നും ഇടയിൽ കാണാതായത് നാല്പതിനും 50നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളാണ്.

ആറ് വർഷത്തെ ഇടവേളയിലാണ് ഓരോ സ്ത്രീയെയും കാണാതായിരിക്കുന്നത്. 2006ൽ ബിന്ദു പത്മനാഭൻ, 2012ൽ സിന്ധു പിന്നീട് 2024ൽ ജെയ്നമ്മയും. മറ്റ് രണ്ടുകേസിലും സെബാസ്റ്റ്യനെ പ്രതിചേർത്തിട്ടുണ്ടെങ്കിലും തെളിവുകളോ സാക്ഷികളോ ഇല്ലാത്ത അവസ്ഥയാണ്. കുടുംബപ്രശ്നങ്ങളോ മറ്റുകാര്യങ്ങളോ കാരണം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നവരാണ് സെബാസ്റ്റ്യന്റെ ഇരയായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ധ്യാനകേന്ദ്രങ്ങളിൽ പോയിരുന്നയാളാണ് സെബാസ്റ്റ്യനെങ്കിലും അയാളൊരു വിശ്വാസിയായിരുന്നില്ലെന്നാണ് അന്വേഷണസംഘം മനസിലാക്കിയിട്ടുള്ളത്. ജെയ്നമ്മയുമായി പരിചയമുണ്ടായിരുന്ന സെബാസ്റ്റ്യൻ, പ്രാർത്ഥനാ സംഗമങ്ങളിലൂടെയാണ് അവരെ പരിചയപ്പെട്ടത്. ആലപ്പുഴ കൃപാസനത്തിലടക്കം പ്രാർത്ഥനയ്ക്കായി ഒരുമിച്ച് പോയിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com