
1986 ലെ കൂടരഞ്ഞി കൊലപാതകത്തില്‍ അവ്യക്തത. കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. 39 വര്‍ഷങ്ങള്‍ക്കു ശേഷം മലപ്പുറം വേങ്ങരയില്‍ താമസിക്കുന്ന കൂടരഞ്ഞി സ്വദേശി മുഹമ്മദാലി നടത്തിയ വെളിപ്പെടുത്തലില്‍ കുഴങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം. കൂടരഞ്ഞി മിഷന്‍ ആശുപത്രിക്ക് പിന്‍വശത്തെ തോട്ടില്‍ ഒരാളെ ചവിട്ടി വീഴ്ത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. അപകടമരണമെന്ന് കരുതി പൊലീസ് അവസാനിപ്പിച്ച കേസന്വേഷണമാണ് മുഹമ്മദാലിയുടെ വെളിപ്പെടുത്തലോടെ പുനരാരംഭിച്ചത്. മുഹമ്മദാലി നിലവില്‍ റിമാന്‍ഡിലാണ്.
ജൂണ്‍ 5നാണ് മലപ്പുറം വേങ്ങരയില്‍ താമസിക്കുന്ന മുഹമ്മദാലി വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഒരു കൊലപാതകം ചെയ്തു എന്ന് കുറ്റസമ്മതം നടത്തുന്നത്. 1986 നവംബറില്‍ കോഴിക്കോട് കൂടരഞ്ഞിയിലെ മിഷന്‍ ആശുപത്രിക്ക് പിന്‍വശത്തെ തോട്ടില്‍ 14 വയസുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും 20 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നതായി അറിഞ്ഞു. എന്നാല്‍ അന്നും ഇന്നും മരിച്ചത് ആര് എന്നതിലെ അവ്യക്തത തുടരുകയാണ്. ബന്ധുവിന്റെ പറമ്പില്‍ കല്‍പണിക്കായി എത്തിയ യുവാവ് ആയിരുന്നു മരിച്ചതെന്ന് ജോസ്‌ക്കുട്ടി വാതല്ലൂര്‍ ഓര്‍ത്തെടുക്കുന്നു.
മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ച് എത്തിയതും മൃതദേഹം കണ്ടെത്തിയതും. മൃതദേഹം കമിഴ്ന്നു കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു. 3 ദിവസത്തോളം പഴക്കം ഉണ്ടായിരുന്ന മൃതദേഹം ജീര്‍ണിച്ചിരുന്നു. മരിച്ച യുവാവിന് അപസ്മാരം ഉണ്ടായിരുന്നു എന്ന വിവരം കൂടി പരന്നത്തോടെ പോലീസും നാട്ടുകാരും അപകട മരണം എന്ന നിഗമനത്തിലേക്ക് എത്തി. മരിച്ച ആളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.
അക്കാലത്ത് നിരവധി യുവാക്കള്‍ കൂലിപ്പണിക്കായി പാലക്കാട് നിന്നും കണ്ണൂര്‍ ഇരിട്ടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോടിന്റെ മലയോര മേഖലകളിലേക്ക് എത്തിയിരുന്നു. അതിനാല്‍ തന്നെ പാലക്കാട് ഇരിട്ടി മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കൂടരഞ്ഞിയില്‍ എത്തി നൂറിലധികം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍ഡിഒ ഓഫീസിലെ പഴയ ഫയലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വേങ്ങര നിന്നും തിരുവമ്പാടി സ്റ്റേഷനിലേക്ക് കൈമാറ്റം ചെയ്ത കേസ് ഇപ്പോള്‍ തിരുവമ്പാടി പോലീസ് ആണ് അന്വേഷിക്കുന്നത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കുറ്റബോധം കൊണ്ട് വലിഞ്ഞു മുറുക്കിയത്തോടെയാണ് മുഹമ്മദാലി 14ആം വയസില്‍ നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞത്. മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തു.