നവി മുംബൈ: 25 കാരിയുടെ ഭർത്താവിനെ കൊന്ന് അരുവിയിൽ തള്ളി യുവാവ്. വിവാഹിതയാണെന്ന് പറഞ്ഞ് പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെയാണ് കൊലപാതകം. 35 കാരനായ അബൂബക്കർ സുഹാദ്‌ലി മണ്ഡലാണ് കൊല്ലപ്പെട്ടത്. ഭാര്യ ഫാത്തിമ മണ്ഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.
നവി മുംബൈയിലെ വാഷിയിലാണ് സംഭവം. 21 കാരനായ അമിനുൾ അലി അഹമ്മദിന്, ഫാത്തിമയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. വിവാഹത്തിനായി അമിനുൾ അലി നിരവധി തവണ ഫാത്തിമയെ നിർബന്ധിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞെങ്കിലും അബൂബക്കർ സുഹാദ്‌ലി വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നാലെ ഫാത്തിമ പൊലീസിൽ പരാതി നൽകി. വിവാഹത്തിൻ്റെ പേരിൽ അമിനുൾ അലി സമ്മർദ്ദം ചെലുത്തിയിരുന്നതായും അവർ പൊലീസിനോട് പറഞ്ഞു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വാഷി ക്രീക്കിൽ നിന്നാണ് അബൂബക്കറിന്റെ മൃതദേഹം കണ്ടെടുത്തത്. അബൂബക്കറിൻ്റെ മൃതദേഹം അമിനുൾ ചാക്കിൽ കെട്ടി അരുവിയിൽ തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷം അബൂബക്കറിൻ്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞു ഒരു അഴുക്കുചാലിൽ നിക്ഷേപിക്കുകയും ചെയ്തു.
കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അമിനുളിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുറ്റകൃത്യം ചെയ്യാനായി അമിനുള്ളിനെ സഹായിച്ച സുഹൃത്തിനെ തിരയുകയാണ് പൊലീസ്.