ലഖ്നൗ: അമ്മയെ തല്ലിയ ആളെ 10 വർഷത്തിന് ശേഷം അടിച്ചുകൊന്ന് മകൻ. അമ്മയെ മർദിച്ചതിനുള്ള പ്രതികാരം തീർക്കാനായി മനോജ് എന്ന കരിക്ക് കച്ചവടക്കാരനെ തേടിനടക്കുകയായിരുന്നു സോനു. ഇയാളെ കണ്ടുപിടിച്ചതിന് പിന്നാലെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
ബോളിവുഡ് സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് സോനു കശ്യപ് എന്ന യുവാവിൻ്റെ പ്രതികാരത്തിൻ്റെ കഥ. 10 വർഷം മുൻപ്, തെരുവിൽ വെച്ചുണ്ടായ ഒരു തർക്കത്തിനിടെയാണ് മനോജ് സോനുവിൻ്റെ അമ്മയെ അടിക്കുന്നത്. കച്ചവടക്കാരാനായ മനോജ് സോനുവിൻ്റെ മുന്നിൽ വെച്ച് അമ്മയെ അപമാനിക്കുകയും ചെയ്തു. പിന്നാലെ മനോജ് നാടുവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അമ്മ മറന്നെങ്കിലും പ്രതികാരം ചെയ്യാനായി മനോജിനെ തിരഞ്ഞ് തെരുവിൽ അലയുകയായിരുന്നു സോനു.
ഒടുവിൽ മനോജിനെ കണ്ടുപിടിച്ച സോനു, കൂട്ടുകാരുടെ സഹായത്തോടെ മനോജിനെ കൊലപ്പെടുത്തി. 2025 മെയ് 22നായിരുന്നു കൊലപാതകം. കട അടച്ച് പുറത്തിറങ്ങിയ മനോജിനെ കാത്ത് സോനുവും സുഹൃത്തുക്കളും വഴിയിരകിൽ പതുങ്ങിയിരുന്നു. മനോജ് ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.
ഏകദേശം മൂന്ന് മാസം മുൻപാണ് മുൻഷി പുലിയ പ്രദേശത്ത് വെച്ച് മനോജിനെ സോനു കണ്ടെത്തിയത്. പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. മനോജിനെ സൂക്ഷ്മമായി നിരീക്ഷിച്ച സോനു, കൊലപാതകത്തിനായി ഇയാളുടെ ദൈനംദിന കാര്യങ്ങൾ വരെ കൃത്യമായി രേഖപ്പെടുത്തി.
എന്നാൽ ഒറ്റക്ക് കൊലപാതകം ചെയ്യാൻ സാധിക്കില്ലെന്ന് സോനുവിന് അറിയാമായിരുന്നു. പിന്നാലെയാണ് കൃത്യത്തിനായി യുവാവ് സുഹൃത്തുക്കളുടെ സഹായം തേടിയത്. കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന വാഗ്ദാനത്തിന് പിന്നാലെ സുഹൃത്തുക്കൾ സോനുവിനൊപ്പം കൊലപാതകത്തിനെത്തുകയും ചെയ്തു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതികളെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ കൊലപാതകത്തിന് ശേഷം ഇവർ സമൂഹമാധ്യമത്തിൽ പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതുവഴിയാണ് പൊലീസ് പ്രതികളിലേക്കെത്തിച്ചേർന്നത്. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെ ധരിച്ച് പാർട്ടി നടത്തിയതോടെയാണ് പ്രതികൾ പിടിയിലായത്. സോനു, രഞ്ജിത്, ആദിൽ, സലാമു, റഹ്മത്ത് അലി എന്നിവരാണ് പ്രതികൾ. അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.