മലപ്പുറം ജില്ലയില്‍ വീണ്ടും മുഖംമൂടി ധരിച്ച കവര്‍ച്ചാ സംഘം സജീവമാകുന്നു. വീടുകള്‍ക്ക് ചുറ്റും രാത്രികാലങ്ങളില്‍ കവര്‍ച്ചയ്ക്ക് എത്തുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തൃക്കണ്ടിയൂര്‍ മേഖലയിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആശങ്കയിലാണ് നാട്ടുകാർ.
തിരൂർ തൃക്കണ്ടിയൂരില്‍ ആധാരമെഴുത്തുകാരനായ വെളിയമ്പാട്ട് ശിവശങ്കരന്‍ നായരുടെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. നാലരലക്ഷം രൂപയാണ് നഷ്ടമായത്. ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ശിവശങ്കരന്‍ നായരുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ അതേ കവര്‍ച്ചക്കാര്‍ തന്നെയാണ് പ്രദേശത്ത് വീണ്ടുമെത്തിയതെന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്.
കഴിഞ്ഞ ദിവസവും അര്‍ധരാത്രിയോടെ രണ്ട് പേര്‍ മുഖംമൂടിയും മാരകായുധങ്ങളുമായി തൃക്കണ്ടിയൂരിലെ അഞ്ച് വീടുകളിലെത്തി. കൂടാതെ മറ്റ് മൂന്ന് വീടുകൾക്ക് മുന്‍പിലും ഇവര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കോരോത്തില്‍ ഹംസക്കുട്ടിയുടെ വീടിന്റെ ഗ്രില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കൾ കുട്ടികളുടെ സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ച പണവും കവർന്നിട്ടുണ്ട്.
രാത്രിയില്‍ ജാഗ്രത പുലര്‍ത്താന്‍ തൃക്കണ്ടിയൂര്‍ നിവാസികളോട് നിർദേശിച്ചിരിക്കുകയാണ് പൊലീസ്. തൃക്കണ്ടിയൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂർ ഡിവൈഎസ്പി അറിയിച്ചു.