സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നായി വൻ എംഡിഎംഎ വേട്ട. മലപ്പുറം, കാസർഗോഡ്, കൊല്ലം എന്നിവടങ്ങളിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് കച്ചവടത്തിനെത്തിച്ച എംഡിഎംഎ പിടിച്ചെടുത്തത്. എംഡിഎംഎയുമായി പിടിയിലായവർ പ്രധാന ലഹരിക്കച്ചവടക്കാരെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറത്ത് 72ഗ്രാം എംഡിഎംഎയുമായാണ് വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പൊലീസിന്‍റെ പിടിയിലായത്. വേങ്ങര ചെറൂർ സ്വദേശികളായ സഫ് വാന്‍, അബ്ദുള്‍ റൗഫ്, കോലേരി ബബീഷ് എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കല്‍ എസ്ഐ. പി.ടി. സെയ്ഫുദ്ദീന്‍, ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്.
കാസർകോട് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേരാണ് പിടിയിലായത്. മുളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് ഡാനിഷ്, ചെങ്കള ആലമ്പാടി സ്വദേശി അബ്ദുൽ ഖാദർ എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ബേക്കൽ പൊലീസും ചേർന്ന് പിടികൂടിയത്. 256 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച് 100 ഗ്രാം എംഡിഎംഎ കടത്തിയ യുവാവ് പിടിയിലായി. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്.