

ആലപ്പുഴ: കരുവാറ്റയിൽ കൗമാര സംഘം വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ശിവന്കുട്ടിയെ കൊലപ്പെടുത്താൻ കൗമാരകകരായ പ്രതികൾ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ. കൃത്യം നടത്താൻ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ ഇന്ന് ജുവനയിൽ കോടതിക്ക് മുമ്പാകെ ഹാജരാക്കും. മുതിർന്നവരെ പോലെ ആസൂത്രണം ചെയ്തു നടപ്പാക്കിയ പ്രതികൾക്ക് ജുവനൈൽ ആനുകൂല്യം നൽകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കണ്ടെത്തലുകളുടെ വിശദാംശങ്ങളാണ് പുറത്ത് വരുന്നത്. കൗമാരക്കാരായ പ്രതികൾ കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ബന്ധുകൂടിയായ പതിമൂന്നുകാരിയാണ് ആണ്സുഹൃത്ത് വഴി കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി സിനിമയിൽ നിന്നുൾപ്പെടെ പ്രചോദനം ഉൾക്കൊണ്ടു. ആദ്യം വീടിന്റെ ഓട് പൊളിച്ച് കല്ല് തലയിലേക്ക് ഇട്ട് കൊല്ലാൻ ആയിരുന്നു പദ്ധതി. വീടിന് മച്ചുണ്ടായിരുന്നതിനാൽ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വിഷം കൊടുത്തു കൊല്ലാനും, വാഹനാപകടം സൃഷ്ടിച്ച് കൊല ചെയ്യാനും ആസൂത്രണം നടന്നു. പതിമൂന്നുകാരിയും ആൺസുഹൃത്തും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചനയുടെ വിശദാംശങ്ങൾ തെളിഞ്ഞത്.
പിടിക്കപെടില്ലന്ന അമിത ആത്മവിശ്വാസത്തിൽ കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകൾ ഡിലീറ്റ് ചെയ്യാത്തത് പ്രതികൾക്ക് കുരുക്കായി. ശിവൻകുട്ടിയുടെ വീടിൻ്റെ ലൊക്കേഷൻ 13 കാരി ആൺ സുഹൃത്തിന് അയച്ചു നൽകിയതടക്കമുള്ള ഫോൺ രേഖകൾ കേസിൽ നിർണ്ണായക തെളിവാകും. അതേസമയം ചോദ്യം ചെയ്യലിൽ കൂസലില്ലാതെ പെരുമാറിയ പതിമൂന്നുകാരിയുടെ ആൺ സുഹൃത്ത് എല്ലാം അവൾക്കുവേണ്ടിയാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ശിവൻകുട്ടി താമസിച്ചിരുന്ന വീടിന്റെ ശുചുമറിയോട് ചേർന്ന ഹോളിലൂടെയാണ് പ്രതികൾ അകത്ത് കടന്നത്. (Use whatsapp photo) കൊലപാതകത്തിനു ശേഷം പ്രതികൾ ഹരിപ്പാട് തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു.കൊലപാതകത്തിനായി കൊല്ലത്തുനിന്ന് പെൺകുട്ടിയുടെ ആൺ സുഹൃത്തുക്കൾ എത്തിയത് ട്രെയിനിലാണ്. കൊലയ്ക്ക് ശേഷം മടങ്ങി പോയത് കെഎസ്ആർടിസി ബസ്സിലും.
ശിവൻ കുട്ടിയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ആളിൽ നിന്നും ബാഡ് ടച്ചുണ്ടായെന്നും ഇത് ആൺ സുഹൃത്തിനോട് പറഞ്ഞു എന്നുമുള്ള പെൺകുട്ടിയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ്. കൊലപാതക വിവരം പുറത്തുവന്നതിനെ തുടർന്ന് സംശയം തോന്നി പെൺകുട്ടിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതറിയാതെ പെൺകുട്ടിയുടെ ഫോണിലേക്ക് പ്രതികൾ നിരവധി തവണ വിളിച്ചു. ഇതോടെയാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. അതിവേഗത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കരുവാറ്റ കൊലപാതകത്തിൽ മികച്ച രീതിയിൽ അന്വേഷണം നടത്തിയ സംഘത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.