
ഹരിദ്വാറിലെ മുന്‍ ബിജെപി പ്രവര്‍ത്തകയും ആണ്‍സുഹൃത്തും അറസ്റ്റില്‍. 13 വയസുള്ള മകളെ ആണ്‍സുഹൃത്ത് അടക്കമുള്ളവര്‍ക്ക് ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ അനുവദിച്ചുവെന്ന മകളുടെ പരാതിയിലാണ് അറസ്റ്റെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യുവതിയും യുവതിയുടെ പാര്‍ട്ട്ണറായ സുമിത് പട്‌വാളുമാണ് അറസ്റ്റിലായത്. മറ്റു പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ അമ്മ അനുവദിക്കുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് പരമേന്ദ്ര ഡോവല്‍ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും കുട്ടി ആരോപിച്ച കാര്യങ്ങള്‍ വ്യക്തമായെന്നും കുറ്റാരോപിതര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.
പ്രതിയായ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. 13 വയസുള്ള ഇവരുടെ മകള്‍ പിതാവിനൊപ്പവുമാണ് കഴിയുന്നത്. പിതാവിനോടാണ് പെണ്‍കുട്ടി ദുരനുഭവം തുറന്നു പറഞ്ഞത്.
അമ്മയുടെ സുഹൃത്തും മറ്റു ചിലരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിന് അമ്മ സമ്മതിക്കാറുണ്ടെന്നുമായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞത്. ഇതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടി പറഞ്ഞത് സത്യമാണെന്ന് മനസിലായെന്നും പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അമ്മയെയും ആണ്‍സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയാിയരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബിജെപി പ്രവര്‍ത്തകയായിരുന്ന യുവതി കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ സ്വയം എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിഞ്ഞെന്നാണ് ഹരിദ്വാറിലെ ബിജെപി യൂണിറ്റ് അറിയിച്ചു. നിലവില്‍ ബിജെപിയുടെ ഒരു സ്ഥാനത്തും അവര്‍ ഇല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഷുതോഷ് ശര്‍മ പറഞ്ഞു.