മുംബൈ: ഓൺലൈനായി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്ത 71കാരിക്ക് നഷ്ടമായത് 18.5 ലക്ഷം രൂപ. മുംബൈയിലെ വഡാലയിലാണ് സംഭവം. വഡാല സ്വദേശിയായ വയോധികയ്ക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. ഈ മാസം ആദ്യമാണ് ഒരു ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്നും വയോധിക പാൽ ഓർഡർ ചെയ്തത്.
പിന്നാലെ പാൽ കമ്പനിയിൽ നിന്ന് ആണെന്ന് അവകാശപ്പെട്ട് ഒരു കോൾ ലഭിക്കുകയായിരുന്നു. കമ്പനിയിലെ എക്സിക്യൂട്ടീവായ ദീപക് എന്നാണ് 71കാരിയോട് തട്ടിപ്പുക്കാരൻ പറഞ്ഞത്. പാൽ ഓർഡർ ചെയ്യുന്നതിനായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് അയാൾ നമ്പറിലേക്ക് ഒരു ലിങ്ക് അയച്ചതായും വയോധിക പറയുന്നു. കോൾ വിച്ഛേദിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. സംഭാഷണം ഒരു മണിക്കൂറിലധികം തുടർന്നതോടെ വയോധിക കോൾ കട്ട് ചെയ്തതായാണ് പൊലീസ് പറയുന്നത്.
തൊട്ടടുത്ത ദിവസവും തട്ടിപ്പുകാരൻ വിളിച്ചെന്നും വയോധികയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെയാണ് വയോധികയുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമായത്. ഒരു അക്കൗണ്ടിൽ നിന്ന് 1.7 ലക്ഷം രൂപയും മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ബാക്കി തുകയും നഷ്ടപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.