

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രതി കുഞ്ഞിനെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് അഷ്‌കറിന്റെ സഹോദരി. കൈ ഒടിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും. നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പ്രതി അഷ്‌കറിന്റെ സഹോദരിയും അമ്മയും പറയുന്നു.
അതേസമയം, കേസ് നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാര്‍ അന്വേഷിക്കും. കേസിലെ ഒന്നാംപ്രതി അഷ്‌ക്കറിന് മേല്‍ എസ്/എസ്ടി വകുപ്പ് ചുമത്തിയിട്ടുണ്ട്. ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര മര്‍ദനമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ ശരീരത്തില്‍ 98 മുറിവുകളുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. റിമാന്‍ഡില്‍ കഴിയുന്ന അഷ്‌ക്കറിനെയും അഖിലയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
ഒന്നവയസുകാരന്‍ അര്‍ഷിദ് അമ്മയില്‍ നിന്നും അമ്മയുടെ പങ്കാളിയില്‍ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മര്‍ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോക്ടറില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.
അഷ്‌കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നര വയസുകാരന്‍ തടസമായി മാറിയതിനെ തുടര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്‌ക്കര്‍ മര്‍ദിക്കുകയും കുഞ്ഞിനെ ഭിത്തിയില്‍ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ല.
കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയില്‍ നിന്നും വീണതെന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. പക്ഷെ മര്‍ദനത്തില്‍ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ സംശയം.
അഷ്‌കറിനെതിരെ കൊലകുറ്റവും അഖിലക്കെതിരെ പ്രേരണകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അഷ്‌കറിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച് കോമ അവസ്ഥയിലാക്കിയെന്ന പരാതിയും ആദ്യത്തെ ഭാര്യയുടെ സഹോദരന്റെ മുങ്ങി മരണവും പൊലീസ് അന്വേഷിക്കും.