പാലക്കാട്: നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ. മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയടക്കണം. കൊലപാതകം, അതിക്രമിച്ച് കടക്കൽ എന്നിവക്കാണ് ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും വിധിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ സജിതയുടെ രണ്ടു പെൺമക്കളും കോടതിയിൽ എത്തി. ചെന്താമരക്ക് കടുത്ത ശിക്ഷ ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും, ചെന്തമരയ്ക്ക് ജാമ്യവും പരോളും നൽകരുതെന്നും സജിതയുടെ മക്കൾ ആവശ്യപ്പെട്ടു.
68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ സജിത വധക്കേസിൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനിടയിൽ പലതവണ ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ അറിയിച്ചു.
അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.