

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ മാതാപിതാക്കൾ ചേർന്ന് മകനെ കൊലപ്പെടുത്തി. 23 കാരനായ റാം ബാബുഭായ് ബംഭവയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കൾ പിടിയിലായത്. കഴിഞ്ഞ മാസം 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കടുത്ത മദ്യപാനിയായ രാം ബാബുഭായിയും മാതാപിതാക്കളുമായി തർക്കമുണ്ടാവുകയും അത് കയ്യേറ്റത്തിലെത്തുകയും ചെയ്തു. തുടർന്ന് അമ്മ മനീഷ ബെൻ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു.
പിതാവായ റാമിനെ അതുൽഭായ് മർദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുറ്റകൃത്യം മറച്ചുവയ്ക്കാൻ പിതാവ് അതുൽഭായ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായും പരാതിയുണ്ട്. രാം ബാബുഭായിയുടെ ഭാര്യ ബൻഷിബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. നാലുമാസം മുൻപാണ് റാം ബാബുഭായ് ബംഭവയുമായി ബൻഷിബെന്നിന്റെ വിവാഹം നടന്നത്. പ്രദേശത്ത് ഹോട്ടൽ നടത്തുന്ന റാം, അതുൽഭായുടെ നാലു മക്കളിൽ മൂത്തയാളാണ്.
അതുൽഭായ് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംശയം ജനിപ്പിക്കാതെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്താൻ ശ്രമിച്ചു. അധികാരികളിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹം നിരവധി പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. റാമിന്റെ ഭാര്യയുടെ പരാതി പരിഗണിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണവും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുമാണ് കൊലപാതകം സ്ഥിരീകരിച്ചത്. കേസിൽ റാമിന്റെ മാതാപിതാക്കളായ ബാബുഭായിയെയും മനീഷബെന്നിനെയും അറസ്റ്റ് ചെയ്തു.