പെരുമ്പാവൂർ: കൂവപ്പടി തോട്ടുവയിൽ 84 വയസുകാരി അന്നം ഔസേപ്പിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 24 കാരനായ പ്രതി അദ്വൈത് ഷിബുവിനെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ കോടനാട് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 30നാണ് തോട്ടുവ മറ്റത്തിൽ വീട്ടിൽ അന്നം ഔസേപ്പിനെ അദ്വൈത് ഷിബു കൊലപ്പെടുത്തിയത്. മരിച്ച നിലയിൽ കണ്ടെത്തിയ അന്നമ്മയുടെ ആഭരണങ്ങള്‍ കാണാനില്ലാത്തതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്. അതിഥി തൊഴിലാളികളേയും സിസിടിവി ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചതിന് പിന്നാലെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
വൃദ്ധ ജോലിചെയ്യുന്ന സ്ഥലത്തേക്ക് പിന്തുടർന്ന് എത്തി, ഇവരുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് സ്വർണാഭരണങ്ങളും കവർന്നെടുത്തുവെന്നും പ്രതി പറഞ്ഞു. കുടുംബക്കാരെ കുറിച്ച് മോശമായി സംസാരിച്ചതിന് പിന്നിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അദ്വൈത് പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, സ്വന്തം കടം വീട്ടാന്‍ അദ്വൈത് വയോധികയെ കൊന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. അന്നം ഔസേപ്പിന്റെ പക്കലുണ്ടായിരുന്ന മൂന്ന് വളകള്‍ അദ്വൈത് മോഷ്ടിച്ചു. ഇത് ബാംഗ്ലൂരില്‍ കൊണ്ടുപോയി വില്‍പന നടത്തി. പ്രതിയുടെ പക്കല്‍ നിന്നും പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.