

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം ആണെന്ന് സ്ഥിരീകരിച്ച പോലീസ്. കുട്ടിയുടെ രണ്ടാനച്ഛന്‍ മഹേഷ്വറിനെതിരെ കേസെടുത്തു. കൊലകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
പെരുമ്പാവൂരില്‍ താമസിച്ചുവരികെയായിരുന്ന അതിഥി തൊഴിലാളികളുടെ മൂന്ന് വയസുകാരനായ മകനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം ക്രൂരമായി ഉപദ്രവിക്കുമായിരുന്നു എന്ന് അയല്‍വാസികളും അമ്മയും പോലീസില്‍ മൊഴി നല്‍കിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലെ നിര്‍ണായക കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്. രണ്ടാനച്ഛനില്‍ നിന്ന് അതിക്രൂര മര്‍ദനമാണ് മൂന്ന് വയസുകാരന്‍ നേരിട്ടിരുന്നത്. കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചതിലൂടെ തലയോട്ടിയുടെ പിന്‍ഭാഗത്ത് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം. കുട്ടിയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശം പ്രതിക്ക് ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
കുട്ടിയുടെ ദേഹമാസകലം ചതവുകളും, രക്തം കല്ലിച്ച പാടുകളുമാണ്. അസം ഭാഷ അറിയാവുന്ന ഒരാളെ കൊണ്ട് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് കുട്ടിയുടെ മൃതദേഹം കാലടി സ്മശാനത്തില്‍ മറവ് ചെയ്യും.